ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല
കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ ഞായറാഴ്ച രാത്രി പത്തു മണിയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കന്നാസുകളിലും വലിയ സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന മുഴുവൻ വെളിച്ചെണ്ണയും കൊപ്ര ചാക്കുകളും കത്തിനശിച്ചതിന് പുറമെ, മില്ലിലുണ്ടായിരുന്ന ഒരു ലോറിയും പൂർണ്ണമായി കത്തിയമർന്നു. ഞായറാഴ്ചയായതിനാൽ സ്ഥാപനത്തിൽ ജീവനക്കാർ ഇല്ലാതിരുന്നതും, അവിടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഉടൻതന്നെ വിവരമറിയിച്ചതും വലിയൊരു ആളപായം ഒഴിവാക്കി.
പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സൂക്ഷിച്ചുവെച്ച എണ്ണയിലേക്കും ടാങ്കറുകളിലേക്കും പടർന്നതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതും സമീപത്തെ വീടുകളിലേക്ക് വൻതോതിൽ പുക ഉയരാൻ കാരണമായതും. 90 ശതമാനത്തോളം തീയും അണച്ചെങ്കിലും എണ്ണ കെട്ടിക്കിടക്കുന്ന ചില ഭാഗങ്ങളിൽ ഇപ്പോഴും ചെറിയ രീതിയിൽ തീയും പുകയും ഉയരുന്നുണ്ട്. ഈ ഭാഗങ്ങളിലെ തീ പൂർണ്ണമായി അണയ്ക്കുന്നതിനായി അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് പ്രവർത്തനം തുടർന്നു വരികയാണ്.



