Tue, 27 October 2026
Kerala

പൊലീസ് നടപടികളിൽ അടിമുടി ദുരൂഹത ആരോപിച്ചു മക്കളും ബന്ധുക്കളും

Newtalks Desk

കൊച്ചി: കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഒടിച്ച കാർ ഇടിച്ചു മരണം സംഭവിച്ച കേസിൽ പൊലീസ് നടപടികളിൽ അടിമുടി ദുരൂഹത ആരോപിച്ചു മക്കളും ബന്ധുക്കളും. കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവിന്റെ ഔദ്യോഗിക ബോർഡ് അപകടം സംഭവിച്ച ഉടൻ പൊലീസ് തന്നെ കാറിൽ നിന്നു നീക്കിയതായി മക്കൾ ആരോപിച്ചു. അപകടത്തിന്റെ ചിത്രം പകർത്തിയ ഫോൺ പിടിച്ചു വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും പൊലീസിന്റെ വഴിവിട്ട ഇടപെടലാണെന്ന് ഇവർ പരാതിപ്പെട്ടു.

അതേസമയം പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. അന്വേഷണ പുരോഗതി വിലയിരുത്താനായി എഡിജിപി പി വിജയന്‍ ഇന്ന് ചേരാനെല്ലൂരിലെത്തും.

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.പ്രതിയായ 17 കാരനെതിരെ കടുത്ത നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പും ഒരുങ്ങുകയാണ്. പ്രതിക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് ലഭിക്കുന്നത് തടയാനാണ് നീക്കം. കൂടാതെ അപകടമുണ്ടാക്കിയ കാറിന്റെ ആര്‍ സി സസ്‌പെന്‍ഡ് ചെയ്യും.

പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ പോര്‍ട്ട്‌ഫോളിയോ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണ്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ സ്‌റ്റേഷനില്‍ പോകുമ്പോള്‍ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന 17കാരനായ പ്രതിയുടെ പിതാവ് അഡിഷണൽ ജഡ്ജി റിനോ ഫ്രാന്സിസിനെ ഇന്നലെയാണ് പ്രതിചേർത്തത്. വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്.

കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി വ്യാപക ആരോപണങ്ങൾ  ഉയരുന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രംഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായിലെത്തിയത്. അതേസമയം, 17കാരന് ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തീരുമാനം അംഗീകരിക്കില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിരുന്നു. കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി കുഴഞ്ഞുവീണിരുന്നു. നീതി കിട്ടുന്നത് വരെ നിരാഹാരമിരിക്കുമെന്നും കേസ് ഒതുക്കാനാണ് അവരുടെ നീക്കമെന്നും അതിന്റെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും അച്ഛന് നീതി കിട്ടാൻ പോരാടുമെന്നും മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കുമെന്നും മകൾ പറഞ്ഞു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു കൊടുക്കുമെന്നും മകൾ ഭദ്ര കീർത്തി പറഞ്ഞു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയത്. ഐപിസി 305-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *