Tue, 27 October 2026
HealthIndia

ഭാര്യയ്ക്ക് മരുന്നിന്റെ മറവിൽ ബ്ലേഡ് കഷ്ണങ്ങൾ അടങ്ങിയ കാപ്സ്യൂളുകൾ നൽകി കൊലപ്പെടുത്താൻ ശ്രമം: പൂനെയിൽ ഭർത്താവിന് ഏഴ് വർഷം കഠിനതടവ്

Newtalks Desk

പൂനെ: മരുന്നു നൽകുകയാണെന്ന വ്യാജേന ബ്ലേഡിന്റെ കഷ്ണങ്ങൾ കാപ്സ്യൂളിലാക്കി സ്വന്തം ഭാര്യയ്ക്ക് നൽകി വധശ്രമം നടത്തിയ കേസിൽ ഭർത്താവിന് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് പൂനെ സെഷൻസ് കോടതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ സംഭവം പുറത്തുവന്നിരിക്കുന്നത്. 45 കാരനായ സോമനാഥ് സാധു സപ്കാൾ എന്നയാളെയാണ് അഡീഷണൽ സെഷൻസ് ജേഡ് അരുദ്ധ സുലഭ സുഭാഷ് ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. വധശ്രമം (IPC Section 307), ഭാര്യയോട് ക്രൂരമായി പെരുമാറൽ (Section 498A) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

​2023 ഒക്ടോബറിനും നവംബർ എട്ടിനും ഇടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. കടുത്ത വയറ്റുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സോമനാഥിന്റെ ഭാര്യ ഛായ, തനിക്ക് നൽകിയ കാപ്സ്യൂളുകൾക്കുള്ളിൽ ബ്ലേഡ് കഷ്ണങ്ങൾ ഒളിപ്പിച്ചുവെച്ച് ഭർത്താവ് നൽകുകയായിരുന്നു എന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഒക്ടോബറിൽ കടുത്ത വയറ്റുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മലത്തിലൂടെ ബ്ലേഡ് കഷ്ണം പുറത്തുപോകുന്നത് ഇവർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നവംബർ എട്ടിന് കടുത്ത വയറ്റുവേദന സഹിക്കാനാവാതെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടർമാർ എൻഡോസ്കോപ്പിയിലൂടെ യുവതിയുടെ വയറ്റിനുള്ളിൽ നിന്ന് ബ്ലേഡിന്റെ കഷ്ണം പുറത്തെടുത്തത്. തുടർന്ന് നവംബർ 14-ന് ഉത്തംനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

​കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗം ഏഴ് സാക്ഷികളെ വിസ്തരിച്ചു. പരാതിക്കാരിയായ ഭാര്യയും മകനും വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞെങ്കിലും, നിർണായകമായ മറ്റ് തെളിവുകളും ഡോക്ടറുടെ മൊഴികളും കേസിൽ നിർണ്ണായകമായി. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബ്ലേഡ് കഷ്ണങ്ങളും കാപ്സ്യൂൾ പാക്കറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. ബ്ലേഡ് കഷ്ണങ്ങൾ വളച്ച് കാപ്സ്യൂളിനുള്ളിൽ വെക്കാൻ സാധിക്കുമെന്ന് കോടതിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. പ്രശസ്തമായ മെഡിക്കൽ ഷോപ്പിൽ നിന്ന് പ്രതി കാപ്സ്യൂൾ വാങ്ങിയതിന്റെ ബില്ലുകളും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. യുവതിയുടെ വയറ്റിൽ നിന്ന് കണ്ടെടുത്ത ബ്ലേഡ് കഷ്ണം അവരുടെ ജീവന് തന്നെ ഭീഷണിയായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടറായ ഡോ. പൂനം മന്ത്രി കോടതിയിൽ മൊഴി നൽകി.

​ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് കോടതി പ്രതി സോമനാഥിന് ഏഴ് വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും (വധശ്രമത്തിന്), ക്രൂരത കാണിച്ചതിന് മൂന്ന് വർഷത്തെ കഠിനതടവും 20,000 രൂപ പിഴയും (IPC 498A) വിധിച്ചത്. രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പ്രതി ഇതിനോടകം കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷാകാലയളവിൽ ഇളവ് ചെയ്ത് നൽകാനും കോടതി നിർദ്ദേശിച്ചു. അതേസമയം, ഭാര്യയെ ശാരീരികമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും തെളിവുകളുടെ കുറവ് മൂലം പ്രതിയെ മറ്റ് ചില ചെറിയ വകുപ്പുകളിൽ നിന്ന് കോടതി വെറുതെവിട്ടിട്ടുണ്ട്. സ്വന്തം ജീവന്റെ പാതിയായി ഒപ്പംകഴിയേണ്ട പങ്കാളിയെ ഔഷധത്തിന്റെ മറവിൽ കൊലപ്പെടുത്താൻ ശ്രമിച്ച ഈ ക്രൂരത സമൂഹത്തിൽ വലിയ ചർച്ചകൾക്കും ഞെട്ടലിനുമാണ് വഴിവെച്ചിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *