Tue, 28 July 2026
BusinessLifestyle

പത്ത് മിനിറ്റ് നേരത്തെ ഇറങ്ങിയതിന് സി.ഇ.ഒയുടെ ചോദ്യം ചെയ്യൽ: ചർച്ചയായി  ജീവനക്കാരിയുടെ കുറിപ്പ്

Newtalks Desk

ന്യൂഡൽഹി: ജോലി സമയം തീരുന്നതിന് വെറും പത്ത് മിനിറ്റ് മുൻപേ ഓഫീസിൽ നിന്നിറങ്ങിയ  ജീവനക്കാരിക്ക് സി.ഇ.ഒയുടെ വാട്സ്ആപ്പ് സന്ദേശം. കോർപ്പറേറ്റ് ലോകത്തെ കടുത്ത നിയന്ത്രണങ്ങളെയും മൈക്രോ മാനേജ്‌മെന്റിനെയും (Micromanagement) ചോദ്യം ചെയ്തുകൊണ്ട് ഈ യുവതി പങ്കുവെച്ച അനുഭവം സോഷ്യൽ മീഡിയയിൽ കടുത്ത തൊഴിൽ സംസ്കാര ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തനിക്ക് നേരിടേണ്ടി വന്ന അന്യായമായ നിലപാടുകളെക്കുറിച്ച് ‘റെഡ്ഡിറ്റ്’ (Reddit) പ്ലാറ്റ്‌ഫോമിലൂടെയാണ് ജീവനക്കാരി വെളിപ്പെടുത്തൽ നടത്തിയത്.

ഓഫീസ് സമയം അവസാനിക്കാൻ കേവലം 10 മിനിറ്റുകൾ ശേഷിക്കെ വൈകുന്നേരം 5:43 ഓടെയാണ് താൻ ഓഫീസിൽ നിന്ന് ഇറങ്ങിയതെന്ന് യുവതി കുറിപ്പിൽ പറയുന്നു. എന്നാൽ തൊട്ടുപിന്നാലെ കമ്പനിയുടെ സി.ഇ.ഒ നേരിട്ട് വാട്സ്ആപ്പിൽ “ഇന്ന് എത്ര മണിയ്ക്കാണ് ഓഫീസിൽ നിന്ന് പോയത്?” എന്ന് ചോദിച്ച് സന്ദേശമയക്കുകയായിരുന്നു. കൃത്യസമയത്തിന്റെ പേരിൽ ഇത്രയും കടുത്ത നിരീക്ഷണം നേരിടേണ്ടി വന്നത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി എച്ച്.ആർ (HR) വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ യുവതി വ്യക്തമാക്കുന്നു.

തൊഴിൽ അന്തരീക്ഷത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ചും ജീവനക്കാരി ശക്തമായി പ്രതികരിക്കുന്നുണ്ട്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും മാനേജർമാരും മണിക്കൂറുകളോളം നീളുന്ന ഇടവേളകൾ എടുക്കാറുണ്ടെന്നും, മറ്റ് സഹപ്രവർത്തകർ യാതൊരു ചോദ്യം ചെയ്യലുമില്ലാതെ അര മണിക്കൂറിലധികം ഓഫീസിൽ നിന്ന് മാറിനിൽക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ താൻ അപൂർവ്വമായി മാത്രമേ കൃത്യമായ ഇടവേളകൾ പോലുമെടുക്കാറുള്ളൂവെന്നും, കേവലം 10 മിനിറ്റ് മുൻപേ ഇറങ്ങിയതിന് സി.ഇ.ഒ നേരിട്ട് ചോദ്യം ചെയ്തത് തികച്ചും അന്യായമാണെന്നും അവർ കുറിച്ചു.

സ്ഥാപനത്തിന്റെ സാമ്പത്തിക വീഴ്ചകളെക്കുറിച്ചും കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വന്തം കയ്യിൽ നിന്നും ചെലവഴിച്ച തുക തിരികെ ലഭിക്കുന്നതിനായി പലതവണ ഓർമ്മിപ്പിച്ചിട്ടും 17 ദിവസത്തോളം കമ്പനി അത് വൈകിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ഇതിനുപുറമെ, ശമ്പളമില്ലാത്ത സോഷ്യൽ മീഡിയ ഇന്റേണുകളെ നിയമിക്കാൻ ബോസ് സമ്മർദ്ദം ചെലുത്തിയെന്നും, ഇല്ലെങ്കിൽ സോഷ്യൽ മീഡിയ റീലുകൾ മുഴുവൻ സ്വന്തമായി ചെയ്യേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാരി വെളിപ്പെടുത്തി. കോർപ്പറേറ്റ് ജീവിതം താൻ കരുതിയതിനേക്കാൾ വളരെ പ്രയാസമേറിയതാണെന്നും ഇത്തരം അനുഭവങ്ങൾ സാധാരണമാണോയെന്നും അവർ ചോദ്യമുന്നയിക്കുന്നു.

റെഡ്ഡിറ്റിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വ്യാപകമായ പിന്തുണയാണ്  ജീവനക്കാരിക്ക് ലഭിക്കുന്നത്. കാര്യക്ഷമമായ നേതൃത്വത്തിന് പകരമുള്ള കടുത്ത മൈക്രോ മാനേജ്‌മെന്റാണ് സി.ഇ.ഒയുടെ പെരുമാറ്റത്തിലൂടെ വെളിവാകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. സ്ഥാപനത്തിൽ തുടരുന്നത് വ്യക്തിഗത വളർച്ചയ്ക്ക് ഗുണകരമല്ലെന്നും എത്രയും വേഗം ജോലി ഉപേക്ഷിക്കണമെന്നുമാണ് ഭൂരിഭാഗം പേരും ഉപദേശിക്കുന്നത്. ആധുനിക തൊഴിലിടങ്ങളിൽ വ്യക്തി സ്വാതന്ത്ര്യവും വർക്ക്-ലൈഫ് ബാലൻസും (Work-Life Balance) സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. 


Leave a Reply

Your email address will not be published. Required fields are marked *