വൈദ്യുതി തടസപ്പെട്ടപ്പോള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാള്‍ക്ക് ജീവനക്കാരന്‍ വൈദ്യുതി മന്ത്രിയുടെ നമ്പര്‍ നല്‍കി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി തടസപ്പെട്ടപ്പോള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാള്‍ക്ക് ജീവനക്കാരന്‍ മന്ത്രിയുടെ നമ്പര്‍ നല്‍കി.
മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാന്‍ കഴിയുമെന്നും ജീവനക്കാരൻ അറിയിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ നമ്പര്‍ കൈമാറിയ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടങ്ങുന്നത് വ്യാപക ജനരോഷത്തിന് കാരണമായി. വിഷയത്തിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും രംഗത്തെത്തി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും ഡിമാൻഡിലുണ്ടായ വൻ വർദ്ധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇരുവരും വ്യക്തമാക്കി. വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
വൈദ്യുതി മുടങ്ങുന്നതിലൂടെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും അതിൽ ഖേദമുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ ഇത് സ്വിച്ചിട്ടതുപോലെ ഉടനടി പരിഹരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“പ്രതിസന്ധി പരിഹരിക്കാനായി സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ വിഷയത്തിൽ അത്ഭുതപ്രവർത്തികളൊന്നുമില്ല, അങ്ങനെ ചെയ്തുവെന്ന് അവകാശപ്പെടുന്നുമില്ല. ഇത് ആരുടെയും വ്യക്തിപരമായ വീഴ്ചയല്ല, കടുത്ത കാലാവസ്ഥാ പ്രതിസന്ധി മൂലം ഉണ്ടായതാണ്. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറയുകയും ചൂട് ക്രമാതീതമായി കൂടുകയും ചെയ്തു. ഇതോടെ ആഭ്യന്തര ഉത്പാദനം കുത്തനെ കുറഞ്ഞു, ഒപ്പം വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിദിനം 3,794 മെഗാവാട്ടായിരുന്നു വൈദ്യുതി ആവശ്യമെങ്കിൽ ഇന്നലെ അത് 5,200 മെഗാവാട്ടായി ഉയർന്നു. നമ്മുടെ വിതരണ ശേഷിയേക്കാൾ 900 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അയൽ സംസ്ഥാനങ്ങൾ ഭൂരിഭാഗവും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ കേരളം ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സ്വയം ഉത്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യങ്ങൾക്കായി മറ്റ് ഏജൻസികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പരമാവധി വൈദ്യുതി വാങ്ങാൻ ശ്രമിച്ചിട്ടും ലഭ്യതക്കുറവുണ്ട്. വൈദ്യുതി പോകുന്ന സമയം കൃത്യമായി അറിയിക്കുന്നില്ലെന്ന പരാതി ഇനി ഉണ്ടാകില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും, ജനങ്ങൾ സഹകരിക്കണം,” മന്ത്രി ആവശ്യപ്പെട്ടു.


