മലപ്പുറത്തെ യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയും പ്രമുഖ യൂട്യൂബറുമായ ദിൽഷാദിനെ കാണാനില്ലെന്ന് തേഞ്ഞിപ്പലം പോലീസിൽ പരാതി. ‘യാത്ര ടുഡേ’ (Yathra Today) എന്ന ജനപ്രിയ യൂട്യൂബ് ചാനലിലൂടെ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ് കാണാതായ ദിൽഷാദ്.
തന്റെ ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും യാത്രകൾ നടത്തുന്നതാണ് ദിൽഷാദിന്റെ രീതി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ ആറിനാണ് ഇയാൾ വീട്ടിൽ നിന്ന് യാത്രതി തിരിച്ചത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ദിൽഷാദിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്നാണ് കുടുംബം പോലീസിനെ സമീപിച്ചത്.
കുടുംബത്തിന്റെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിൽഷാദ് അവസാനമായി സന്ദർശിച്ച സ്ഥലങ്ങൾ, ഫോൺ ലോക്കേഷൻ, മറ്റ് യാത്രാ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. ദിൽഷാദിനെക്കുറിച്ച് എന്തെങ്കിലും വിവര ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.



