Thu, 6 August 2026
Kerala

മഴ മുന്നറിയിപ്പ്: ഓഗസ്റ്റ് 2 ഞായറാഴ്ച മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Newtalks Desk

മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഞായറാഴ്ച (2026 ഓഗസ്റ്റ് 2) മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും പരീക്ഷകൾ യഥാസമയം നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മഴ കനക്കുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏഴ് മരണം, കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏഴ് മരണം. കോട്ടയം ജില്ലയില്‍ മൂന്നും, ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പൂഞ്ഞാറില്‍ ഉരുള്‍പൊട്ടലില്‍ അമ്മയ്ക്കും മകനുമാണ് ജീവന്‍ നഷ്ടമായത്. റജിന മകന്‍ ജോസഫിന്‍ എന്നിവരാണ് മരിച്ചത്. വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനും മരിച്ചു. ഇടുക്കി അടൂര്‍ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ സുമതിയും വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് പ്രഭാകരന്‍ നായരുമാണ് മരിച്ചത്. വണ്ടൂര്‍ തിരുവാലിയില്‍ രണ്ടര വയസുകാരനും കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തുടരുന്നു.

കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളുകളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി. ചെളിവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ ആലക്കോട് താളിപ്പാറയിലും ഉരുള്‍പൊട്ടി. നിലവില്‍ ആളപായമില്ല. പ്രദേശത്തെ കൃഷിക്ക് നാശനഷ്ടമുണ്ടായി. ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ഉദയഗിരി-താബോര്‍ റോഡ് പൂര്‍ണമായി അടച്ചു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മഴക്കെടുതി സാഹചര്യത്തില്‍ സംസ്ഥാനത്താകെ 65 ക്യാമ്പ് തുറന്നു. 1465 പേരാണ് ക്യാമ്പിലുള്ളത്. 17 വീടുകള്‍ മുഴുവനായി തകര്‍ന്നു.

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


Leave a Reply

Your email address will not be published. Required fields are marked *