Thu, 6 August 2026
Kerala

മഴ ശക്തം, നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു, കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ്, കൊണ്ടോട്ടിയിൽ  തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

Newtalks Desk

മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് -നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

അതേ സമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ആണുള്ളത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. കൂടാതെ, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി. ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചു. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *