Thu, 6 August 2026
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി;എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

Newtalks Desk

വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിനു മുകളിലും മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. കോട്ടയത്ത് പാല, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. കെ കെ റോഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു.

പത്തനംതിട്ട റാന്നിയിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ഇരുകരകളും ജാഗ്രതയിലാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കൊക്കത്തോട് മേഖലയിൽ ഉരുൾപൊട്ടലിൽ ഒരു വീട് തകർന്നു. ഫയർഫോഴ്സും വനം വകുപ്പും പ്രദേശത്ത് എത്താൻ ശ്രമിക്കുന്നു. ജില്ലയിൽ വ്യാപക പ്രശ്നങ്ങളാണ് റിപ്പോർട്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻഡിആർഎഫ്, പൊലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്രമഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ചും അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.


Leave a Reply

Your email address will not be published. Required fields are marked *