Thu, 6 August 2026
Kerala

ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി

Newtalks Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. 

പരീക്ഷകൾ മാറ്റി

ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും. അതേസമയം, നാളത്തെ എം.ജി. സർവകലാശാല പരീക്ഷയിലും മാറ്റമുണ്ട്. ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്‍സി നിശ്ചയിച്ചിരുന്നു. ഇത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ നടന്ന പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാൻ പി.എസ്.സി വീണ്ടും അവസരം നൽകും. ആഗസ്റ്റ് 22ന് ഇവർക്ക് പരീക്ഷ എഴുതാം. 

മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി

മുതലപ്പൊഴിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇനി രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥയിലുള്ള വള്ളമാണ് മുതലപ്പൊഴിയിൽ അപകടത്തില്‍പ്പെട്ടത്.

നിലവിൽ മോശം കാലാവസ്ഥയും ശക്തമായ കടല്‍ക്ഷോഭവും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 12 മണിക്കൂറിനിടയിൽ രണ്ടടിയിലധികം വെള്ളമാണ് ഉയർന്നത്. വെള്ളിയാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം അണക്കെട്ടിൽ 111.95 അടി ജലമാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ആറിന് രേഖപ്പെടുത്തിയിരിക്കുന്നത് 114.01 അടിയാണ്. സെക്കൻഡിൽ 2649 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

തമിഴ്‌നാട് 267 ഘനയടി വെള്ളം അണക്കെട്ടിൽനിന്ന് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് 117.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ തേക്കടിയിൽ 93.2 മില്ലിമീറ്റർ മഴപെയ്തു. ഉൾക്കാട്ടിൽ അടക്കം ശക്തമായ മഴയുള്ളതിനാൽ വരുംമണിക്കൂറുകളിൽ ജലനിരപ്പ് ഉയരുമെന്നുറപ്പാണ്.

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.


Leave a Reply

Your email address will not be published. Required fields are marked *