രാഹുൽ ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്. തലസ്ഥാനം സംഘർഷഭരിതം; സി.ഇ.സിയെ നേരിട്ട് കാണാതെ പിന്മാറില്ലെന്ന് പ്രതിപക്ഷം!
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒൻപത് മണിക്കൂറോളം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. പ്രിയങ്കാ ഗാന്ധി എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ (INDIA) മുന്നണിയിലെ എം.പിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പോലീസും നേതാക്കളും തമ്മിലുള്ള ദീർഘനേരത്തെ ഏറ്റുമുട്ടലിലും ധർണ്ണയിലും കലാശിച്ചു. നിതി ആയോഗ് ഓഫീസിന് സമീപത്തെ പോലീസ് ബാരിക്കേഡിൽ കയറി ദേശീയപതാക വീശി പ്രതിഷേധിച്ചതും, അതിനുശേഷം സമരം പൂർണ്ണമായി അവസാനിച്ചെന്ന പ്രതീതി സൃഷ്ടിച്ചതിന് പിന്നാലെ സമീപത്തെ ആകാശവാണി ഭവൻ കോമ്പൗണ്ടിലേക്ക് കയറി ധർണ്ണയിരുന്നതും പ്രക്ഷോഭത്തിന് വൻ വഴിത്തിരിവായി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെ നീതി ആയോഗിന് മുന്നിൽ സ്ഥാപിച്ച കൂറ്റൻ ബാരിക്കേഡുകൾ ഉപയോഗിച്ച് ഡൽഹി പോലീസ് തടഞ്ഞത്. ഈ സമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിലേക്ക് ചാടിക്കയറുകയും കയ്യിലുണ്ടായിരുന്ന ത്രിവർണ്ണ പതാക വീശുകയും ചെയ്തു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രധാന എം.പിമാരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് ബസുകളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം പ്രതിഷേധം അയയുമെന്നും നേതാക്കൾ മടങ്ങുമെന്നും പ്രതീക്ഷിച്ച നിമിഷത്തിലാണ് അപ്രതീക്ഷിത നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കസ്റ്റഡിയിൽ നിന്ന് മോചിതരായവരും സമീപത്തുണ്ടായിരുന്നവരുമായ നേതാക്കളെ കൂട്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും സമീപത്തെ ആകാശവാണി ഭവൻ വളപ്പിലേക്ക് കടക്കുകയായിരുന്നു. ഗേറ്റ് നമ്പർ 4ന് സമീപമുള്ള തണൽമരച്ചുവട്ടിൽ ഇരുവരും കുത്തിയിരുന്ന് ധർണ്ണ ആരംഭിച്ചതോടെ പൊതുസ്ഥലത്തെ പ്രക്ഷോഭം ആകാശവാണി ഭവന്റെ ഉള്ളിലേക്ക് മാറി. കേന്ദ്ര പ്രക്ഷേപണ സ്ഥാപനത്തിലെ ജീവനക്കാരും സമീപത്തെ ഓഫീസുകളിലെ ആളുകളും ജോലി നിർത്തിവെച്ച് ഈ അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടുകയും നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കുകൂട്ടുകയും ചെയ്തു.
ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ പോലീസ് കസ്റ്റഡിയിൽ നിന്ന് മടങ്ങിയെത്തി ഇവർക്കൊപ്പം ധർണ്ണയിൽ പങ്കുചേർന്നതോടെ ഉച്ചകഴിഞ്ഞും അനിശ്ചിതാവസ്ഥ തുടർന്നു. ആകാശവാണി ഭവന്റെ ഇരുമ്പ് ഗേറ്റിനുള്ളിൽ നിന്ന് മാധ്യമപ്രവർത്തകരുടെ മൈക്കുകളിലേക്ക് സംസാരിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ബി.ജെ.പി എന്താണ് പറയുന്നതെന്ന് എനിക്ക് അറിയേണ്ടതില്ല. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാൻ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ ആർ.എസ്.എസ് മേധാവിയോ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറോ ആകട്ടെ, രാജ്യത്തോട് ചെയ്ത ഈ വഞ്ചനയ്ക്ക് ആരെയും വെറുതെ വിടില്ല,” എന്ന് അദ്ദേഹം തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ബാരിക്കേഡുകൾ ഉയർത്തി പോലീസ് നടത്തിയ തടസ്സപ്പെടുത്തലുകളെ, ആകാശവാണി ഭവൻ കോമ്പൗണ്ടിനുള്ളിലെ അപ്രതീക്ഷിത സമരത്തിലൂടെ മറികടക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും വോട്ടർപട്ടിക ക്രമക്കേടുകളും ഉയർത്തിക്കാട്ടിയുള്ള ഈ സമരം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായ രാഷ്ട്രീയ വാക്പോരുകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.



