കീറിയ സാരിയും നഗ്നപാദങ്ങളും; ദാരിദ്ര്യത്തോട് പൊരുതി ഹോം ഗാർഡ് ഓട്ടപ്പരീക്ഷണത്തിൽ വിസ്മയമായി കവിത മഹതോ
റാഞ്ചി: ദാരിദ്ര്യവും വിധി തീർത്ത ദുരന്തങ്ങളും തളർത്താത്ത മനോധൈര്യവുമായി വാർത്തകളിൽ ഇടംനേടുകയാണ് ജാർഖണ്ഡിലെ രാംഗഡ് സ്വദേശിയായ കവിത മഹതോ. ഭർത്താവിന്റെ വേർപാടിന് ശേഷം രണ്ട് മക്കളെയും ഭർതൃപിതാവിനെയും സംരക്ഷിക്കാൻ ഇഷ്ടികച്ചൂളയിൽ പണിയെടുക്കുന്ന ഈ യുവതി, ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷണ ഓട്ടത്തിലാണ് എല്ലാവരെയും ഞെട്ടിച്ചത്.
സ്പോർട്സ് ഷൂസോ അനുയോജ്യമായ വസ്ത്രങ്ങളോ ഇല്ലാതെ, കീറിയ സാരിയുമുടുത്ത് നഗ്നപാദയായി ഓടിയ കവിത 1,600 മീറ്റർ ദൂരം വെറും 6 മിനിറ്റ് കൊണ്ടാണ് പൂർത്തിയാക്കിയത്. മൂന്ന് വർഷം മുമ്പാണ് കവിതയുടെ ഭർത്താവ് മരണപ്പെട്ടത്. അന്നുമുതൽ കുടുംബത്തിന്റെ ഏക അലംബമായ കവിത, പുലർച്ചെ എഴുന്നേറ്റ് പരിശീലനം നടത്തിയാണ് ഈ ഓട്ടപ്പരീക്ഷണത്തിൽ പങ്കെടുത്തത്.
അവസാന ഘട്ട തെരഞ്ഞെടുപ്പ് മത്സരം ഇനി വരാനിരിക്കുകയാണ്. അതിലും വിജയിച്ച് കവിതയ്ക്ക് അർഹിച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഒരുപക്ഷേ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പോലും, കവിതയുടെ ഈ അസാമാന്യ നിശ്ചയദാർഢ്യം കണക്കിലെടുത്ത് സർക്കാർ അവർക്ക് ഒരു ജോലി നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ശക്തമായ ആവശ്യം.
സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോഴും പ്രതിഭയും കഠിനാധ്വാനവും കൊണ്ട് പോരാടുന്ന കവിത മഹതോയ്ക്ക് ബിഗ് സല്യൂട്ട്!



