Sun, 13 September 2026
KeralaPolitics

പൊലീസിനെ വെട്ടിലാക്കി അർജുൻ ആയങ്കി, നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ

Newtalks Desk

പൊലീസിനെ വെട്ടിലാക്കി അർജുൻ ആയങ്കി. വ്യാപകമായ തെരച്ചിലിനിടയിലും ആയങ്കിയിലേക്ക് എത്താനാകാതെ പൊലീസ്.ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.

പൊലീസിനെ വെട്ടിലാക്കി അർജുൻ ആയങ്കി, തെരച്ചിൽ ഊർജിതം; ആയങ്കിയെ ഉടൻ പിടി കൂടണം

അർജുൻ ആയങ്കിയെ ഉടൻ പിടികൂടണമെന്ന് കർശന നിർദ്ദേശം നൽകി ADGP പി വിജയൻ. റേഞ്ച് ഐജി മാർക്കും SP മാർക്കും കർശന നിർദേശം നൽകി. ഉടനെ പിടികൂടണം. കണ്ണൂരിൽ അർജുന്റെ സഹോദരൻ എത്തി എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയത്.

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ്

ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.

അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ കസ്റ്റഡിയിലെടുത്തു

ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.


Leave a Reply

Your email address will not be published. Required fields are marked *