സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവം; കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കാസർകോട് നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ചോദ്യപേപ്പർ തയ്യാറാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, വിദ്യാർഥികൾക്കിടയിലേക്ക് ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം കാര്യങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാരിന്റേതല്ലെന്നും രാജ്ഭവനിൽ നിന്നുള്ളതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദം ഉയർന്ന ഫ്രീഡം ക്വിസ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും പ്രാദേശികമായി ചിലർ സംഘടിപ്പിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകൃതമായി തയ്യാറാക്കി, പരിശോധിച്ച് അയക്കുന്ന ചോദ്യപേപ്പറുകളല്ല ഇതിനായി ഉപയോഗിച്ചത്. തങ്ങളുടെ ചില രഹസ്യ അജണ്ടകൾ നടപ്പാക്കാനുള്ള വളരെ കുൽസിതമായ ഒരു ശ്രമമാണ് ഏതാനും ചില അധ്യാപകരോ മറ്റ് ആളുകളോ ചേർന്ന് നടത്തിയിട്ടുള്ളത്. സദുദേശത്തോടെ പ്രാദേശികമായി നടക്കുന്ന പരിപാടികളെ ദുരുപയോഗം ചെയ്യുകയാണ് ഇവർ ചെയ്തത്. ഇത്തരം ദുരുദേശപരമായ ചോദ്യങ്ങൾ എങ്ങനെ ഇതിൽ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിഇക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരം പൂർണമായും കർശനമായും ആലപിക്കണമെന്ന നിർദേശം രാജ്ഭവന്റെ ഇടപെടൽ മൂലം
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായും കർശനമായും ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും പുറത്തുവന്നത് രാജ്ഭവന്റെ ഇടപെടൽ മൂലമാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്ഭവനിൽ നിന്നോ ഗവർണറിൽ നിന്നോ ഒരു നിർദേശം വരുമ്പോൾ അത് ബന്ധപ്പെട്ടവർക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തത്. ഇത് സംസ്ഥാന സർക്കാർ പുതുതായി ഉണ്ടാക്കിയതോ നൽകിയതോ ആയ നിർദേശമല്ല. വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ കർശന നിർദേശങ്ങളും പുതിയ നിയമങ്ങളും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേ മാതരം മുഴുവന്‍ പാടാത്തതില്‍ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേ മാതരം മുഴുവന്‍ പാടേണ്ടതായിരുന്നു എന്ന് പറഞ്ഞ ഗവര്‍ണര്‍, എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിക്കുകയും ചെയ്തിരുന്നു. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് സഭയില്‍ പാടിയത്. നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി പാടിയിരുന്നു.



