Fri, 7 August 2026
Kerala

വിവിധ ജില്ലകളിൽ നാളെ അവധി, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Newtalks Desk

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തൃശൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026 ) അവധി. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (Interviews) മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ കർശനമായി ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾക്കും അവധി നൽകാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നാളെയും സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ 2026 ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.


Leave a Reply

Your email address will not be published. Required fields are marked *