Tue, 28 July 2026
EntertainmentHealthLifestyle

വിരമിക്കൽ എന്നാൽ ജീവിതത്തിന്റെ അവസാനമല്ല; 67-ാം വയസ്സിൽ നൃത്തലോകം കീഴടക്കി സ്റ്റീഫൻ വാൾഷ്, രോഗക്കിടക്കയിൽ നിന്ന് ടാപ്പ് ഡാൻസിന്റെ താളത്തിലേക്ക്

Newtalks Desk

വാർധക്യം എന്നാൽ വിശ്രമജീവിതത്തിന്റെയും അലസതയുടെയും കാലഘട്ടമാണെന്ന പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് തന്റെ അറുപതുകളിൽ തികച്ചും വ്യത്യസ്തവും ഊർജസ്വലവുമായ ഒരു ജീവിതശൈലി സ്വീകരിച്ചിരിക്കുകയാണ് യുകെ സ്വദേശിയായ സ്റ്റീഫൻ വാൾഷ്. പതിറ്റാണ്ടുകളോളം പ്രൊഫഷണൽ രംഗത്ത് കഠിനാധ്വാനിയായി (Workaholic) തുടർന്ന വാൾഷ്, ഇന്ന് അറിയപ്പെടുന്നത് ഒരു മികച്ച ടാപ്പ് ഡാൻസർ (Tap dancer) എന്ന നിലയിലാണ്. അസുഖബാധിതനായി ആശുപത്രി കിടക്കയിൽ കഴിഞ്ഞ നിമിഷങ്ങളിൽ എടുത്ത ഉറച്ച തീരുമാനമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

​ആശുപത്രി കിടക്കയിലെ വഴിത്തിരിവ്

​ബിസിനസ് രംഗത്ത് കൺസൾട്ടന്റായും ട്രെയിനറായും സജീവമായി പ്രവർത്തിച്ചിരുന്ന സ്റ്റീഫൻ വാൾഷിന് 57-ാം വയസ്സിലാണ് വയറ്റിലെ അൾസർ മൂലം കടുത്ത രക്തസ്രാവമുണ്ടാകുന്നത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സ്വന്തം ഭാവിജീവിതത്തെക്കുറിച്ച് അദ്ദേഹം ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. നേരത്തെ തന്നെ ജോലിയിൽ നിന്ന് വിരമിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും, വ്യാപാരാതിരക്കുകൾക്കിടയിൽ അതിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെ ഇനി ജോലിക്ക് വിരാമമിട്ട് സ്വന്തം ജീവിതത്തിന് മുൻഗണന നൽകാൻ അദ്ദേഹം തീരുമാനിച്ചു.

​ജെനറൽ ഇലക്ട്രിക് കമ്പനിയിലെ അനുഭവസമ്പത്തിന് ശേഷം സഹപ്രവർത്തകർക്കൊപ്പം സ്ഥാപിച്ച ബിസിനസ് പങ്കാളിത്തത്തിൽ നിന്ന് പിൻവാങ്ങാൻ മൂന്ന് വർഷത്തെ നോട്ടീസ് നൽകിയപ്പോൾ, “നിങ്ങൾ ഒരിക്കലും ജോലി ഉപേക്ഷിക്കില്ല” എന്നാണ് സഹപ്രവർത്തകർ തമാശയായി പറഞ്ഞത്. കാരണം, അത്രമേൽ തൊഴിലിൽ മുഴുകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, പറഞ്ഞ വാക്ക് പാലിച്ച് മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം ബിസിനസ് പങ്കാളിത്തത്തിൽ നിന്ന് പൂർണ്ണമായും വിരമിച്ചു.

​വിരമിക്കലിനു ശേഷമുള്ള വെല്ലുവിളികളും പുതിയ വീടും

​ജോലിയിൽ നിന്ന് വിരമിച്ച ആദ്യ നാളുകളിൽ വീട്ടിലെ തീർപ്പുകൽപ്പിക്കാത്ത അറ്റകുറ്റപ്പണികളും മറ്റ് ജോലികളുമായി സമയം ചെലവഴിച്ചെങ്കിലും, താമസിയാതെ എല്ലാ ദിവസങ്ങളും വിരസമായി തോന്നിത്തുടങ്ങി. വാർധക്യം അർത്ഥപൂർണ്ണമായി ചെലവഴിക്കണമെന്നും, ജീവിതത്തിലെ അവസാന ഘട്ടത്തെ സർഗ്ഗാത്മകമായി നേരിടണമെന്നും ആഗ്രഹിച്ച വാൾഷ് 62-ാം വയസ്സിൽ വാർവിക്‌ഷെയറിലെ ‘ഗ്രേറ്റ് ആൽൺ പാർക്ക്’ എന്ന റിട്ടയർമെന്റ് കമ്മ്യൂണിറ്റിയിലേക്ക് മാറി താമസിച്ചു.

​വെറും 25 പേർ മാത്രം താമസിച്ചിരുന്ന അന്നത്തെ കമ്മ്യൂണിറ്റിയിൽ നിന്ന് ഇന്ന് ഇരുന്നൂറിലധികം ആളുകളുള്ള വലിയൊരു സൗഹൃദ കൂട്ടായ്മയായി അത് വളർന്നു. വാനശാസ്ത്രത്തിൽ (Astronomy) സഹതാമസക്കാർക്ക് ക്ലാസുകൾ എടുത്തും ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളിയായും അദ്ദേഹം പുതിയ സാമൂഹിക ജീവിതത്തിന് തുടക്കമിട്ടു.

​ചുവടുകളിലെ ഭയത്തെ മറികടന്ന് ‘ടാപ്പ് ഡാൻസി’ലേക്ക്

​കുട്ടിക്കാലത്ത് ടെലിവിഷനിൽ സംഗീത നാടകങ്ങളും നൃത്തങ്ങളും കണ്ട് ആസ്വദിച്ചിരുന്നെങ്കിലും, ഡാൻസ് പഠിക്കാൻ തനിക്ക് കഴിയില്ലെന്ന വലിയൊരു ഭയം വാൾഷിനുണ്ടായിരുന്നു. “മൂന്ന് ചുവടുകൾ വച്ചാൽ തന്നെ വഴിതെറ്റിപ്പോകുന്ന തരത്തിൽ നൃത്തത്തോട് എനിക്ക് മനഃശാസ്ത്രപരമായ ഒരു പ്രതിബന്ധം ഉണ്ടായിരുന്നു,” അദ്ദേഹം ഓർക്കുന്നു.

എന്നാൽ, 67-ാം വയസ്സിൽ റിട്ടയർമെന്റ് കമ്മ്യൂണിറ്റിയിലെ മുൻ ന അധ്യാപിക ഒരു ടാപ്പ് ഡാൻസ് ക്ലബ്ബ് ആരംഭിച്ചപ്പോൾ മാറിയ ചിന്താഗതിയോടെയാണ് വാൾഷ് അതിൽ പങ്കാളിയായത്. സ്വന്തം ഭയത്തെ മറികടക്കാൻ തീരുമാനിച്ച അദ്ദേഹം ഉടൻ തന്നെ ടാപ്പ് ഡാൻസിനുള്ള പ്രത്യേക ഷൂസുകൾ സ്വന്തമാക്കി പരിശീലനം ആരംഭിച്ചു. ‘പാറ്റ്‌സ് ഹാപ്പി ടാപ്പേഴ്‌സ്’ (Pat’s Happy Tappers) എന്ന് നാമകരണം ചെയ്ത ഈ നൃത്ത സംഘം ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. വാർവിക്‌ഷെയറിലെ തെരുവുകളിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചും, സാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത ഈ സംഘം കാണികളുടെ മനംകവർന്നു.

​ജീവിതത്തിന് പുതിയൊരു ദിശാബോധം

​പ്രായമായവർക്ക് പരിക്കേൽക്കാത്ത വിധം വളരെ ശ്രദ്ധയോടെയാണ് ഈ സംഘത്തിന്റെ പരിശീലനം. കോൾ പോർട്ടറുടെ പ്രശസ്തമായ ‘എനിതിംഗ് ഗോസ്’ (Anything Goes) പോലുള്ള ഗാനങ്ങൾക്ക് ഒപ്പമാണ് നിലവിൽ ഇവർ ചുവടുകൾ വെക്കുന്നത്.

​തന്റെ മുൻകാല തൊഴിൽ ജീവിതത്തേക്കാൾ സംതൃപ്തിയും ആനന്ദവും ഈ പുതിയ നൃത്തജീവിതം നൽകുന്നുണ്ടെന്ന് സ്റ്റീഫൻ വാൾഷ് പറയുന്നു. “വിരമിക്കൽ എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് പുതിയൊരു തുടക്കമാണ്. ടാപ്പ് ഡാൻസ് എനിക്ക് പുതിയൊരു ലക്ഷ്യബോധവും, ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നലും നൽകുന്നു,” അദ്ദേഹം വ്യക്തമാക്കുന്നു.

കുട്ടിക്കാലത്ത് താൻ അനുഭവിച്ചിരുന്ന അയൽപക്ക ബന്ധങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും അന്തരീക്ഷം വീണ്ടെടുക്കാൻ ഈ റിട്ടയർമെന്റ് ജീവിതത്തിലൂടെ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രായം കേവലം ഒരു സംഖ്യ മാത്രമാണെന്നും, മനസ്സ് വെച്ചാൽ ഏത് പ്രായത്തിലും പുതിയ കഴിവുകൾ സ്വായത്തമാക്കാനും ജീവിതം ആഘോഷമാക്കാനും സാധിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് സ്റ്റീഫൻ വാൾഷ്.


Leave a Reply

Your email address will not be published. Required fields are marked *