Sat, 12 September 2026
KeralaPolitics

വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Newtalks Desk

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്.

ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാമൂഹ്യ മാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല.

അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ടി.ജി മോഹൻ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസിന്‍റെ നീക്കം. മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു.

വിഡിയോ ഇപ്പോഴും യുട്യൂബിൽനിന്നും മാറ്റിയിട്ടില്ല

ടി.ജി.മോഹൻദാസിന്റെ വിവാദ വാക്കുകൾ അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽനിന്നും മാറ്റിയിട്ടില്ല. ഇതും ഏറെ വിമർശനത്തിനു കാരണമായിട്ടുണ്ട്.

ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും ഇയാൾ നടത്തിയിരുന്നു.  ‘ഡൽഹിയിൽ ബലാത്സംഗം കൂട്ടബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

ടി.ജി.മോഹൻ ദാസിനെ തള്ളി ആർഎസ്എസ്

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ടി.ജി.മോഹൻ ദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തിയിരുന്നു. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പറഞ്ഞു.

‘‘അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി.ജി.മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ല. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ല’’– കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു.

കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായി

ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ. പിന്നാലെ പരാതി പ്രളയം. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായി. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിന്‍റെ കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്ന് എഫ്ഐആർ. കേസെടുക്കാൻ വൈകരുതെന്ന് കോൺഗ്രസിനുളളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നതിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു.

മോഹൻദാസിൻരെ എറണാകുളത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ഗാന്ധിചിത്രവുമായി പ്രതിഷേധിച്ചു. സംഘപരിവാർ ആശയപ്രചാരകനായ മോഹൻദാസിന്‍റെ നിലപാടുകൾ ആർഎസ്എസും തളളിയിരുന്നു. ആർഎസ്എസ് ചുമതലയിൽ മോഹൻദാസ് ഇല്ലെന്നും അഭിപ്രായങ്ങൾ അപലനീയമെന്നുമായിരുന്നു വിശദീകരണം.


Leave a Reply

Your email address will not be published. Required fields are marked *