Sat, 12 September 2026
Kerala

വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

Newtalks Desk

തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരു പ്രസാദിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്.

കാസർകോട് എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.

സംഭവം വിവാദമായതോടെ അധ്യാപക സംഘടനകളും വിവിധ യുവജന പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് നടന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു. ക്വിസ് മത്സരത്തിന് നൽകിയ ചോദ്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടെ തയ്യാറാക്കിയതല്ലെന്നും സ്കൂൾ തലത്തിൽ പ്രാദേശികമായി ഒരുക്കിയ ചോദ്യാവലിയാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.

വി.ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വ്യക്തമാക്കിയിരുന്നു. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 എന്ന മത്സരത്തിലെ ചോദ്യമാണ് വിവാദമായത്. ഇതിനു പിന്നാലെയാണ് നടപടി.

കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന നടത്തിയിരുന്നു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോടാണ് റിപ്പോർട്ട് തേടിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നൽകിയത് സവർക്കറുടെ പേരായിരുന്നു. സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.


Leave a Reply

Your email address will not be published. Required fields are marked *