പ്ലസ്‌വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 15 ന്
പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതേദിവസം രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 15 മുതല്‍ ജൂണ്‍ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ https://www.hscap.kerala.gov.in എന്ന ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ First Allot Results-ല്‍ ലഭിക്കും.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം എത്തണം. മേയ് 25ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.
ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്‌കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരെഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്.



