Sat, 13 June 2026
IndiaPolitics

പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി,

Newtalks Desk

മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും, അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെയും കോൺഗ്രസിൻ്റെയും വാദം.

നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെയാണ് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം റിട്ടേണിങ് ഓഫീസര്‍ തള്ളിയാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് ഉചിതമായ പ്രതിവിധി എന്ന് കോടതി നിരീക്ഷിച്ചു.

പത്രിക നിരസിച്ചതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *