മേഘാലയയിൽ കാണാതായ മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി
തേഞ്ഞിപ്പലം: മേഘാലയ യാത്രയ്ക്കിടെ കാണാതായ മലയാളി ട്രാവൽ വ്ലോഗർ ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദിനെ (31) സുരക്ഷിതനായി കണ്ടെത്തി. യാത്രയ്ക്കിടെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദിൽഷാദ് നിലവിൽ മേഘാലയയിലെ പൈനൂർസല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
’യാത്ര ടുഡേ’ (Yathra Today) എന്ന പ്രശസ്തമായ യൂട്യൂബ് ചാനലിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന ദിൽഷാദിന് 9.33 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്. കഴിഞ്ഞ ജൂലൈ 22-നാണ് ദിൽഷാദിന്റെ ഫോൺ സന്ദേശം അവസാനമായി ബന്ധുക്കൾക്ക് ലഭിച്ചത്. തുടർന്ന് ഒരാഴ്ചയായി യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിവരവെയാണ് അപകട വിവരം പുറത്തുവന്നത്.
ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഫോൺ ഉപയോഗിക്കാനോ പുറംലോകവുമായി ബന്ധപ്പെടാനോ കഴിയാതിരുന്നതാണ് വിവരം വൈകാൻ ഇടയാക്കിയത്. നിലവിൽ ആവശ്യമായ ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.


