ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ പണി കിട്ടും; പുതിയ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷൻ വൈകുന്നത് തടയുന്നതിനും പ്രക്രിയ കൂടുതൽ കൃത്യവും സുതാര്യവുമാക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ‘ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2026’ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബിൽ സഭയിൽ അവതരിപ്പിച്ചത്. ജനന-മരണ വിവരങ്ങൾ കൃത്യസമയത്ത് തന്നെ അധികൃതരെ അറിയിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാജ രജിസ്ട്രേഷനുകൾ തടയുന്നതിനുമാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നത്.
നിലവിലുള്ള 1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പ് 13(3) ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം, ജനനമോ മരണമോ നടന്ന് ഒരു വർഷത്തിനുശേഷം മാത്രമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (DM), സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (SDM) അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് വൈകുന്ന കാലയളവ് അടിസ്ഥാനമാക്കി രണ്ടുതരം അനുമതി നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നത്.
ഒന്നു മുതൽ രണ്ട് വർഷം വരെ വൈകിയുള്ള രജിസ്ട്രേഷനുകൾക്ക് നിലവിലുള്ള രീതി തന്നെ തുടരും; അതായത് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട പരിധിയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യാം. എന്നാൽ, രണ്ട് വർഷത്തിൽ കൂടുതൽ വൈകുന്ന രജിസ്ട്രേഷനുകൾക്ക് ഇനി മുതൽ കടുത്ത നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകും. രണ്ടു വർഷത്തിലധികം വൈകിയ സംഭവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ (First-Class Judicial Magistrate) പ്രത്യേക ഉത്തരവ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ, അമിതമായി വൈകുന്ന രജിസ്ട്രേഷൻ നടപടികളുടെ പൂർണ്ണ ചുമതല എക്സിക്യൂട്ടീവ് വിഭാഗത്തിൽ നിന്നും ജുഡീഷ്യറിയിലേക്ക് മാറുകയാണ്.
അപേക്ഷകളുടെ സത്യസന്ധത ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തണമെന്നും ബിൽ നിർദ്ദേശിക്കുന്നു. കൂടാതെ നിശ്ചിത ഫീസും ഇതിനായി ഈടാക്കും. ജനന സർട്ടിഫിക്കറ്റ് സ്കൂൾ പ്രവേശനം, ആധാർ എന്റോൾമെന്റ്, പാസ്പോർട്ട്, വോട്ടർ പട്ടിക ചേർക്കൽ, ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ എന്നിവയ്ക്ക് നിയമപരമായ പ്രാഥമിക രേഖയാണെന്നിരിക്കെ, വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്ന പ്രവണത തടയാൻ ഈ ജുഡീഷ്യൽ പരിശോധന സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിയമപരമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും തടസ്സമില്ലാതെ, ന്യായമായ കാരണങ്ങളാൽ വൈകുന്ന അപേക്ഷകർക്ക് അവസരം നൽകുന്നതോടൊപ്പം പൗരന്മാരെ കൃത്യസമയത്ത് തന്നെ ജനന-മരണ വിവരം രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബില്ലിന്റെ ലക്ഷ്യങ്ങളിലും കാരണങ്ങളിലും വ്യക്തമാക്കുന്നു.



