സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന: പ്രതിഷേധം ശക്തമായതോടെ ടി.ജി. മോഹൻദാസിനെതിരെ കേസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ അശ്ലീല അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു. എ.ഐ.വൈ.എഫ് (AIYF) നേതാവ് ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവാദ പരാമർശം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പൊലീസിന്റെ കാലതാമസത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് സൈബർ പൊലീസ് നിയമനടപടികളിലേക്ക് കടന്നത്.
വിഷയത്തിൽ നിയമനടപടി വേഗത്തിലാക്കണമെന്നും അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമായിരുന്നുവെന്നും ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പ്രക്ഷോഭകരെ അടിച്ചമർത്തണമായിരുന്നുവെന്നും ടി.ജി. മോഹൻദാസ് പറഞ്ഞിരുന്നു. ഇതിന് പുറമെ, ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളെയും പെൺകുട്ടികളെയും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അശ്ലീലകരവുമായ വാക്കുകളിലൂടെ അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെയും വെല്ലുവിളിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഐ.വൈ.എഫും എസ്.എഫ്.ഐയും ഉൾപ്പെടെയുള്ള വിവിധ യുവജന സംഘടനകൾ പൊലീസിനെ സമീപിച്ചത്.
വിവാദ പരാമർശം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകുന്നതിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ രൂക്ഷമായ പ്രതിഷേധമുയർന്നിരുന്നു.
അതേസമയം, വിഷയം വൻ വിവാദമായതോടെ ടി.ജി. മോഹൻദാസിന്റെ പ്രതികരണങ്ങളെ തള്ളി ആർ.എസ്.എസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മോഹൻദാസ് സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം നടത്തിയത് വ്യക്തിപരമായ പരാമർശങ്ങൾ മാത്രമാണെന്നുമാണ് ആർ.എസ്.എസിന്റെ വിശദീകരണം. എങ്കിലും വിദ്വേഷ പ്രചാരണത്തിനെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.


