ലാൽസലാം,’ഉഷാറാക്ക്’, കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി വിജയൻ
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ നീക്കം ചെയ്തതിന് പിന്നാലെ വൈറലായ കുട്ടി സഖാക്കളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചു. തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് അദ്ദേഹം വിളിച്ചത്. ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത സംഭാഷണത്തിൽ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ട് തരംഗമാക്കി ഇൻസ്റ്റഗ്രാമിൽ വീണ്ടും സജീവമായിരിക്കുകയാണ് ഈ കൊച്ചു കൂട്ടുകാർ.
ആരാണ് മുഹമ്മദ് സിയാന് എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി ചോദിച്ചു. ബാലസംഘം ജോയിന്റ് സെക്രട്ടറിയാണെന്ന് സിയാന് പറഞ്ഞു. കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡന്റും സെക്രട്ടറിയും വൈസ് പ്രസിഡന്റുമായണെന്ന് പറഞ്ഞു. ഉഷാറല്ലേയെന്ന് പിണറായി ചോദിച്ചപ്പോള്‍ നിങ്ങളുടെ പാട് എന്താണെന്ന് സിയാന് തിരികെ ചോദിച്ചു. എല്ലാവര്ക്കും ആശംസകള്‍, ലാല്‍സലാം. പിണറായി പറഞ്ഞു.
മെറ്റ നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് സിയാന്റെ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് രക്ഷിതാക്കൾ അറിയിച്ചിരുന്നു. വീഡിയോ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ച് മെറ്റയ്ക്ക് ഇ- മെയിൽ അയച്ചിട്ടുണ്ട്. മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ അറിയിച്ചു.
“സഖാക്കളേ എന്താ പാട്, സുഖമല്ലേ…” എന്ന് ചോദിച്ചുകൊണ്ടാണ് കുരുന്നുകൾ വീഡിയോ തുടങ്ങുന്നത്. തങ്ങളുടെ ബാലസംഘം യൂണിറ്റിനെ ആണ് സംഘം പരിചയപ്പെടുത്തിയത്. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ സെയിൻ വളരെ ആവേശത്തോടെയാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ക്യാമറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. തിരൂർ വെട്ടത്തുനിന്നുള്ള കുട്ടികളാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെടെ നിരവധിപ്പേർ കമന്റായി കുരുന്നുകൾക്ക് സ്നേഹവും അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് ഈ കണ്ടന്റും നീക്കം ചെയ്തത് എന്നാണ് അറിയാത്തത്.
കുട്ടികളുടെ നിഷ്കളങ്കമായ സംസാരത്തിന് പോലും വിലക്കേർപ്പെടുത്തുന്ന മെറ്റയുടെ നീക്കം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. കേന്ദ്രത്തിൻ്റെ സഹായത്തോടെ മെറ്റയെ ഉപയോഗിച്ച് ഭരണകൂടത്തിനെതിരായ പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. മറ്റ് ചില ചാനലുകളുടെയും വാർത്താ കാർഡുകൾക്ക് പുറമെ ഭരണകൂടത്തിനെതിരെയുള്ള കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ അക്കൗണ്ടുകളിലെ കണ്ടൻ്റുകളും സമാന രീതിയിൽ നിയന്ത്രിക്കപ്പെടുകയാണ്. എന്നാൽ ഇവയിൽ ഒന്നും പെടാത്തവ പോലും ഇപ്പോൾ നീക്കം ചെയ്യുകയാണ്.



