Sat, 12 September 2026
BusinessIndia

ഇഎംഐ മുടങ്ങിയാൽ ഫോൺ പൂട്ടാൻ ബാങ്കുകൾക്ക് അവകാശമുണ്ടോ? റിസർവ് ബാങ്കിന്റെ നിർണ്ണായക ഉത്തരവ്

Newtalks Desk

മുംബൈ: ഇഎംഐ (EMI) അടവ് മുടങ്ങിയാൽ സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വായ്പാദാതാക്കൾക്ക് ലോക്ക് ചെയ്യാം. എന്നാൽ കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും കടമെടുപ്പുകാർക്കും വ്യക്തമായ മാനദണ്ഡങ്ങൾ മുന്നോട്ടുവെക്കുന്ന പുതിയ വായ്പാ വീണ്ടെടുക്കൽ നിയമങ്ങൾ എആർബിഐ പുറത്തിറക്കി. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയന്ത്രണങ്ങൾ വായ്പക്കാരെ അനാവശ്യ ഭീഷണികളിൽ നിന്നും വ്യക്തിഗത വിവര ചോർച്ചയിൽ നിന്നും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

വ്യക്തിഗത വായ്പ (Personal Loan), വാഹന വായ്പ, ഭവന വായ്പ തുടങ്ങിയ മറ്റ് ക്രെഡിറ്റുകൾ അടയ്ക്കാതിരുന്നാൽ ഉപഭോക്താവിന്റെ സ്മാർട്ട്ഫോണോ ലാപ്ടോപ്പോ പൂട്ടിയിടാൻ ബാങ്കുകൾക്ക് അവകാശമില്ലെന്ന് ആർബിഐ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. ആ പ്രത്യേക സ്മാർട്ട്ഫോണോ ഉപകരണമോ വാങ്ങുന്നതിനായി എടുത്ത വായ്പയുടെ ഇഎംഐ കുടിശ്ശിക വരുത്തിയാൽ മാത്രമേ ഉപകരണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. കൂടാതെ വായ്പാ കരാറിൽ ഇത് സംബന്ധിച്ച് വ്യക്തമായ ഉപാധികൾ ഉൾപ്പെടുത്തിയിരിക്കുകയും വേണം.

ഘട്ടം ഘട്ടമായുള്ള നടപടികൾ മാത്രം

​ഒരൊറ്റ ഇഎംഐ മുടങ്ങിയാൽ ഉടൻ ഫോൺ ലോക്ക് ചെയ്യാൻ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. വായ്പ മുടങ്ങി ആദ്യ 30 ദിവസത്തേക്ക് ഫോണിൽ യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തരുത്. 30 മുതൽ 60 ദിവസം വരെ അടവ് വൈകുന്ന ഘട്ടത്തിൽ മാത്രമേ ചെറിയ തോതിലുള്ള ഘടനാപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അനുമതിയുള്ളൂ. 60 ദിവസത്തിൽ കൂടുതൽ തുക തിരിച്ചടയ്ക്കാതെ കുടിശ്ശികയായി തുടർന്നാൽ മാത്രമേ ഉപകരണത്തിന്റെ സേവനങ്ങൾ പൂർണ്ണമായി പരിമിതപ്പെടുത്താൻ അനുവാദമുള്ളൂ.

അത്യാവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തരുത്

​ഇത്തരത്തിൽ ഫോണുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയാലും ഉപഭോക്താവിന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആർബിഐ അനുശാസിക്കുന്നു. ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോളുകൾ, എസ്എംഎസ് (SMS), അടിയന്തര സേവനങ്ങൾക്കുള്ള ഇമർജൻസി എസ്ഒഎസ് (Emergency SOS), ഉപഭോക്താവിന്റെ തൊഴിലിനും ജീവനത്തിനും അത്യന്താപേക്ഷിതമായ ആപ്പുകൾ എന്നിവയൊന്നും ഒരു കാരണവശാലും തടയാൻ പാടില്ല.

സ്വകാര്യത സംരക്ഷണവും നഷ്ടപരിഹാരവും

​വായ്പാ കുടിശ്ശികയുടെ പേരിൽ ഉപഭോക്താവിന്റെ ഫോണിലുള്ള ചിത്രങ്ങൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ തുടങ്ങിയ സ്വകാര്യ ഡാറ്റകൾ ശേഖരിക്കാനോ പരിശോധിക്കാനോ ധനകാര്യ സ്ഥാപനങ്ങൾക്കോ റിക്കവറി ഏജൻസികൾക്കോ അനുമതിയില്ല.

​കുടിശ്ശിക തുക പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ ഫോണിന്റെ നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി പഴയപടിയാക്കണം. ബാങ്കിന്റെ വീഴ്ച മൂലം അൺലോക്കിംഗ് വൈകിയാൽ മണിക്കൂറിന് 250 രൂപ നിരക്കിൽ വായ്പക്കാരന് നഷ്ടപരിഹാരം നൽകാനും പുതിയ ആർബിഐ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഭീഷണിപ്പെടുത്തൽ, അസമയത്തുള്ള ഫോൺ കോളുകൾ, പൊതുമധ്യത്തിൽ അപമാനിക്കൽ തുടങ്ങിയ അനാവശ്യ റിക്കവറി രീതികൾ തടയാനും ശക്തമായ വ്യവസ്ഥകളാണ് റിസർവ് ബാങ്ക് നടപ്പിലാക്കുന്നത്. 


Leave a Reply

Your email address will not be published. Required fields are marked *