മഴ മുന്നറിയിപ്പ്: മലപ്പുറം ജില്ലയിൽ ഇന്ന് (ആഗസ്റ്റ്1) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനാലും ഇന്ന് (ആഗസ്റ്റ് 1) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. കുട്ടികൾ വെള്ളക്കെട്ടുകളിലും പുഴകളിലും ഇറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും തീരദേശത്തും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടങ്ങളും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.



