Thu, 6 August 2026
KeralaPolitics

പുലിവാലായി ഷാജിയുടെ “അറബിക്കടൽ” പ്രസംഗം, സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം, പിന്മാറാമെന്ന് ധ്വനിപ്പിച്ച് കേന്ദ്രം,പിഎം ശ്രീയിൽ സർക്കാർ പ്രതിരോധത്തിലോ?

Newtalks Desk

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അണികളിൽ ആവേശം നിറയ്ക്കാനും എതിരാളികളെ കടന്നാക്രമിക്കാനും കെ.എം. ഷാജി നടത്തിയ “അറബിക്കടലിൽ വലിച്ചെറിയും” എന്ന മൂർച്ചയേറിയ പരാമർശം ഇപ്പോൾ മുസ്ലിം ലീഗിനും ഷാജിക്കും ഒരുപോലെ വൻ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആവേശത്തിൽ വേദിയിൽ തനതായ ശൈലിയിൽ ഷാജി മുഴക്കിയ ഈ ആഹ്വാനം എതിരാളികൾ കൃത്യമായി ആയുധമാക്കിയതോടെ പാർട്ടി പൂർണ്ണമായും പ്രതിരോധത്തിലായി.

കേരളത്തിലെ പാഠ്യപദ്ധതിക്ക് അനുസൃതമായി വരുന്ന കാര്യങ്ങൾ മാത്രമേ സിലബസിൽ അംഗീകരിക്കുകയുള്ളൂവെന്നും അല്ലാത്തവ തിരുത്താൻ സമയം ആവശ്യമാണെന്നും ഷാജി പറഞ്ഞു. “പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യങ്ങളെ വലിയ രാഷ്ട്രീയ ആയുധമായി ചൂണ്ടിക്കാട്ടുകയാണ് ചിലർ. പ്രസംഗത്തിൽ അങ്ങനെ പലതും പറയും. അതൊക്കെ വേദിയിലെ പ്രയോഗങ്ങൾ മാത്രമാണ്. പി.എം. ശ്രീ പദ്ധതിയുടെ കരാർ അങ്ങനെ പെട്ടെന്ന് അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? അത് തെരുവിൽ പറയുന്ന രാഷ്ട്രീയമാണ്” – ഷാജി കൂട്ടിച്ചേർത്തു.

​സംസ്ഥാനത്തിന്റെ പേരിൽ ഔദ്യോഗികമായി ഒപ്പുവെച്ച കരാറുകളിൽ നിന്ന് ഭരണമാറ്റം ഉണ്ടാകുമ്പോൾ പെട്ടെന്ന് ഏകപക്ഷീയമായി ഇറങ്ങിപ്പോരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ ശക്തമായി എതിർക്കുന്നത് അവരുടെ രാഷ്ട്രീയ ധർമ്മമാണെന്നും അതിന് കൃത്യമായ മറുപടി നൽകി ആവശ്യമായ തിരുത്തലുകളോടെ മുന്നോട്ടുപോകുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.

പ്രസംഗത്തിലെ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും സാമാന്യയുക്തിയുള്ളവർക്ക് കാര്യം മനസ്സിലാകുമെന്നും പറഞ്ഞ അദ്ദേഹം, രാഷ്ട്രീയ നിലപാടുകളിലെ പ്രയോഗങ്ങളും ഭരണപരമായ നടപടിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്തു.

“എല്‍.ഡി.എഫ് സർക്കാർ അറബിക്കടലില്‍ എറിഞ്ഞ പദ്ധതിയാണ് കെ.എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി.ഡി സതീശന് എത്തിച്ചുനല്‍കുന്നത്” എന്നും ആദർശ് എം. സജി ആരോപിച്ചു. സംസ്ഥാനത്ത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തായിരുന്നപ്പോൾ സംഘപരിവാർ ഡീൽ എന്ന് ആരോപിച്ച് സമരം ചെയ്തവർ അധികാരത്തിലെത്തിയപ്പോൾ കാവിവൽക്കരണത്തിന് കുടപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മുസ്ലിം ലീഗിനെക്കൊണ്ട് പിഎം ശ്രീ നടപ്പിലാക്കിപ്പിക്കും’ എന്ന ബിജെപി മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രഖ്യാപനമാണ് യുഡിഎഫ് ഇപ്പോൾ ശരിവെക്കുന്നതെന്നും അവസരവാദ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും പിണറായി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രസ്താവനയിലാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്.

പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച കെ.എം. ഷാജി അടക്കമുള്ളവർ ഇപ്പോൾ പദ്ധതിക്ക് പരവതാനി വിരിക്കുകയാണെന്ന് വാസവൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പദ്ധതി അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ ബിജെപിക്ക് വിധേയരായി പദ്ധതി നടപ്പിലാക്കുകയാണെന്ന് മുന്‍ മന്ത്രി പി രാജീവ് ആരോപിച്ചു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനായി രഹസ്യധാരണയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞതെന്നും അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും പദ്ധതി എൽഡിഎഫ് സർക്കാർ മരവിപ്പിച്ചതാണെന്നും എ കെ ബാലൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *