ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ ടാങ്കർ മറിഞ്ഞു; റോഡിൽ ഒഴുകിയ ഇന്ധനം പാത്രങ്ങളിൽ കോരിയെടുക്കാൻ നാട്ടുകാരുടെ തിരക്ക്
ഇൻഡോർ: മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ കയറ്റിവന്ന കൂറ്റൻ ടാങ്കർ മറിഞ്ഞ് വൻ അപകടം. റോഡിലേക്ക് ഇന്ധനം വൻതോതിൽ ഒഴുകിപ്പരന്നതിനെ തുടർന്ന് സൗജന്യമായി ഡീസൽ ശേഖരിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പാത്രങ്ങളുമായി സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച രാവിലെ മാഹി നദിയിലെ പാലത്തിന് സമീപമാണ് ഇന്ധന ചോർച്ചയ്ക്കും വലിയ ഗതാഗത തടസ്സത്തിനും വഴിവെച്ച ഈ അപകടമുണ്ടായത്.
എക്സ്പ്രസ് വേയിലൂടെ കടന്നുപോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ടാങ്കിന് തകരാർ സംഭവിക്കുകയും വലിയ അളവിൽ ഡീസൽ റോഡിലേക്ക് കുത്തിയൊഴുകുകയും ചെയ്തു. അപകടവിവരം സമീപ ഗ്രാമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെയാണ് ആളുകൾ കവറുകളും ബക്കറ്റുകളും ജഗ്ഗുകളും പ്ലാസ്റ്റിക് കാനുകളുമുൾപ്പെടെ കൈയിൽ കിട്ടിയ പാത്രങ്ങളുമായി എക്സ്പ്രസ് വേയിലേക്ക് ഓടിയെത്തിയത്. ഇന്ധനം ശേഖരിക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയത് അപകടസാധ്യത വർദ്ധിപ്പിച്ചു.
വിവരമറിഞ്ഞ് പൊലീസും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. റോഡിൽ പടർന്ന ഡീസൽ വൻ ദുരന്തത്തിന് വഴിവെക്കാതിരിക്കാൻ പൊലീസ് പ്രദേശം ബാരിക്കേഡുകൾ ഉപയോഗിച്ച് അടയ്ക്കുകയും ആളുകളെ സ്ഥലത്തുനിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഇന്ധന ടാങ്കർ അപകടങ്ങളിൽ തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ സ്വീകരിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്തത്.
അപകടത്തിൽ ടാങ്കർ ഡ്രൈവർക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രാദേശികവാസികൾ ഡ്രൈവറെ ആംബുലൻസിൽ രത് ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ഈ ഭാഗത്ത് ഏകദേശം നാല് മണിക്കൂറോളമാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.



