“എല്‍.ഡി.എഫ് സർക്കാർ അറബിക്കടലില്‍ എറിഞ്ഞ പദ്ധതിയാണ് കെ.എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി.ഡി സതീശന് എത്തിച്ചുനല്‍കുന്നത്” വിമർശനവുമായി ഇടത് നേതാക്കൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ (PM SHRI) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇടത് യുവജന-വിദ്യാർഥി സംഘടനകൾ. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് സംസ്ഥാന സർക്കാർ വഴങ്ങുകയാണെന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു. എന്ത് വിലകൊടുത്തും പദ്ധതിയെ ചെറുത്തുതോൽപ്പിക്കുമെന്നും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും സംഘടനകൾ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ പോലും കേരളം കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി ചൂണ്ടിക്കാട്ടി.
“എല്‍.ഡി.എഫ് സർക്കാർ അറബിക്കടലില്‍ എറിഞ്ഞ പദ്ധതിയാണ് കെ.എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി.ഡി സതീശന് എത്തിച്ചുനല്‍കുന്നത്” എന്നും ആദർശ് എം. സജി ആരോപിച്ചു. സംസ്ഥാനത്ത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“കേരള ജനത കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ ശക്തമായി പ്രതിരോധിക്കും. ആർ.എസ്.എസ് അജണ്ട പാഠ്യപദ്ധതിയിലൂടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് വി.ഡി സതീശൻ നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി ആർ.എസ്.എസ് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറുന്നത്” എന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വിമർശിച്ചു.
പി.എം ശ്രീ പദ്ധതി വിദ്യാഭ്യാസ കേന്ദ്രീകരണത്തിന് പകരം കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എം.എല്‍.എയും പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ തകർക്കാനുള്ള നീക്കത്തിന് യു.ഡി.എഫ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി.എം ശ്രീ പദ്ധതി മാതൃകാ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ളതാണ്. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളില്‍ കൈകടത്തലാണെന്നാണ് ഇടതുപക്ഷ സംഘടനകളുടെ പ്രധാന ആരോപണം.കഴിഞ്ഞ എല്‍.ഡി.എഫ് സർക്കാർ ഈ പദ്ധതി തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ നിലവിലെ യു.ഡി.എഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതാണ് വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെയാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഈ പ്രതികരണം.



