Thu, 6 August 2026
Kerala

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Newtalks Desk

കൊച്ചി: താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴി അറവ് മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉടമകളുടെ ഹരജിയിലാണ് നടപടി. സ്ഥാപനത്തില്‍ നാളെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ല കലക്ടറും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ സംയുക്ത പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കണം.

ഉത്തരവിന്റെ പശ്ചാത്തലത്തിൽ കമ്പനിയിൽ നാളെ സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറുമാണ് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുക. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ‘ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്.

ഇവിടെനിന്നു സമീപത്തെ ജനവാസ മേഖലയിലേക്കു വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നതു നാട്ടുകാരിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. മലിനീകരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടിയിലേക്കു കടന്നത്. 1974 ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്‌ഷൻ 33 എ, 1981 ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്‌ഷൻ 31 എ എന്നീ വകുപ്പുകൾ പ്രകാരം ബോർഡിനു ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ  ഉത്തരവിട്ടിരുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽനിന്നു പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിനുശേഷവും കമ്പനിയിൽനിന്നു മലിനീകരണം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നത്.

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറി സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റ് നേരിട്ട് സന്ദർശിച്ച എം.എൽ.എ കലക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *