Tue, 28 July 2026
Sports

ലോകകപ്പ് തോൽവിക്ക് പിന്നാലെ ബ്രസീൽ ആരാധകരോട് മാപ്പപേക്ഷിച്ച് വിനീഷ്യസ് ജൂനിയർ

Newtalks Desk

2026 ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോടേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ബ്രസീലിയൻ ആരാധകരോട് ക്ഷമ ചോദിച്ച് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. നോർവേയോട് 2-1 ന് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ താരം പ്രതികരണവുമായി രംഗത്തെത്തിയത്. ടൂർണമെന്റിലുടനീളം പിന്തുണ നൽകിയ ആരാധകരോട് പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് ഇത്രയും ദിവസം എടുത്തതെന്നും താരം കുറിച്ചു.

​”ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ലോക ഫുട്ബോളിന്റെ നെറുകയിൽ വീണ്ടും എത്തുക എന്ന നമ്മുടെ സ്വപ്നത്തിനായി ഞാൻ പോരാട്ടം തുടരും,” താരം വ്യക്തമാക്കി. ബ്രസീലിനെ സംബന്ധിച്ച് വലിയ നിരാശ നൽകുന്നതായിരുന്നു ഇത്തവണത്തെ പ്രകടനം. എന്നാൽ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വിനീഷ്യസ് നാല് ഗോളുകളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു.

കൂടുതൽ മുന്നേറാൻ കരുത്തുള്ള ടീമായിരുന്നു ബ്രസീലിന്റേത് എന്നാൽ അതിന് സാധിക്കാതെ പോയതിൽ വലിയ നിരാശയുണ്ട്. ദേശീയ ടീമിന്റെ ജേഴ്സി അണിയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണെന്നും പ്രീ-ക്വാർട്ടറിൽ തന്നെ പുറത്താകേണ്ടി വന്നതിന്റെ വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു. ഫുട്ബോൾ ലോകകപ്പിലെ ബ്രസീലിന്റെ ഏറ്റവും മോശം രണ്ടാമത്തെ പ്രകടനമാണ് ഇത്തവണത്തേത്. ഈ തോൽവിയുടെ നിരാശയിലും ബ്രസീൽ ടീമിനോടുള്ള തന്റെ പ്രതിബദ്ധതയ്ക്ക് യാതൊരു മാറ്റവുമില്ലെന്നും ഭാവിയിൽ രാജ്യത്തിനായി വീണ്ടും ലോകകപ്പ് നേടുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും വിനീഷ്യസ് ജൂനിയർ വ്യക്തമാക്കി. അവധി ആഘോഷങ്ങൾക്ക് ശേഷം വിനീഷ്യസ് അടുത്ത സീസണിനായി തയ്യാറെടുക്കാൻ റയൽ മാഡ്രിഡിലേക്ക് തിരിക്കും.


Leave a Reply

Your email address will not be published. Required fields are marked *