Tue, 28 July 2026
Kerala

ആവശ്യപ്പെട്ട പണം നൽകിയില്ല; കണ്ണൂരിൽ  വീടിന് തീയിട്ട മകൻ അറസ്റ്റിൽ

Newtalks Desk

കണ്ണൂർ ആയിക്കരയിൽ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായി സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവാണ് കണ്ണൂർ സിറ്റി പോലീസിന്റെ പിടിയിലായത്.

​പ്രതിയായ അഭിഷേക് ലഹരിക്ക് അടിമയായിരുന്നുവെന്നും സ്ഥിരമായി ലഹരിമരുന്ന് വാങ്ങാനായി വീട്ടുകാരിൽ നിന്നും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. മകന്റെ ഭീഷണിയും അക്രമസ്വഭാവവും ഭയന്ന് മാതാപിതാക്കൾ കുറച്ചുദിവസങ്ങളായി ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഈ സമയത്താണ് വീടിന് തീയിട്ടത്.

അഗ്നിബാധയിൽ വീടിന്റെ കിടപ്പുമുറിയും വീട്ടിലുണ്ടായിരുന്ന സാധനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. മുൻപ് ഫുട്ബോൾ താരം കൂടിയായിരുന്ന അഭിഷേകിന്റെ പിതാവ് രാജേഷിന് ലഭിച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും തീപിടുത്തത്തിൽ ചാരമായി മാറിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. സിറ്റി പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Leave a Reply

Your email address will not be published. Required fields are marked *