Tue, 28 July 2026
World

75 വർഷങ്ങൾക്ക് ശേഷം അപൂർവ പ്രതിഭാസം; ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണത്തിനൊരുങ്ങി സൗദി അറേബ്യ

Newtalks Desk

​ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും അപൂർവവുമായ പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. 2027 ഓഗസ്റ്റ് 2-നായിരിക്കും ഈ ആകാശവിസ്മയം ദൃശ്യമാകുക. ഏകദേശം 75 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യം ഇത്തരമൊരു അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. ശാസ്ത്രജ്ഞർക്കും ആകാശ നിരീക്ഷകർക്കും സൂര്യന്റെ ബാഹ്യവലയമായ ‘കൊറോണ’യെക്കുറിച്ച് പഠിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ കൈവരുന്നത്.

​സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളെ ഏകദേശം ആറ് മിനിറ്റോളം സമയം പൂർണ്ണ ഇരുട്ടിലാഴ്ത്തുന്നതായിരിക്കും ഈ സൂര്യഗ്രഹണം. സൗദി ബഹിരാകാശ ഏജൻസിയുടെ വിവരങ്ങൾ അനുസരിച്ച് അബഹ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആറ് മിനിറ്റ് വരെയും, ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും അഞ്ച് മിനിറ്റും 50 സെക്കൻഡും പൂർണ്ണ ഗ്രഹണം നീണ്ടുനിൽക്കും. അയൽരാജ്യമായ ഈജിപ്തിലായിരിക്കും ഗ്രഹണം അതിന്റെ പരമാവധി ദൈർഘ്യത്തിൽ ദൃശ്യമാകുകയെങ്കിലും, ഇത് നിരീക്ഷിക്കാൻ ലോകത്തിലെ ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളിലൊന്നായി സൗദി മാറും.

​മക്ക, ജിദ്ദ, ത്വാഇഫ്, അൽ ബഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്റാൻ തുടങ്ങിയ നിരവധി നഗരങ്ങളിലൂടെയാണ് ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത്. പൂർണ്ണ ഗ്രഹണ സമയത്ത് പകൽ വെളിച്ചം പെട്ടെന്ന് സന്ധ്യാസമയത്തിന് സമാനമാകുകയും അന്തരീക്ഷ താപനിലയിൽ പ്രകടമായ കുറവുണ്ടാകുകയും ചെയ്യും. കൂടാതെ ഇരുണ്ട ആകാശത്ത് പ്രകാശമേറിയ ചില നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകുമെന്നും ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് മജീദ് അബു സഹ്ര വ്യക്തമാക്കി.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 80 ശതമാനം വരെ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക. സൂര്യനെ നേരിട്ട് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുതെന്നും, സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഗ്രഹണ ഗ്ലാസുകളോ ഫിൽട്ടറുകളോ മാത്രം ഉപയോഗിച്ച് സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കണമെന്നും സൗദി ബഹിരാകാശ ഏജൻസി പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *