സത്യസന്ധതയുടെ പുതിയൊരു മാതൃക കൂടി; സ്വകാര്യ ബസിൽ മറന്നുവെച്ച ഒന്നര ലക്ഷം രൂപയും സ്വർണ്ണവും ഉടമയ്ക്ക് തിരികെ നൽകി ജീവനക്കാർ
പാലക്കാട്: ബസ് യാത്രയ്ക്കിടെ യാത്രക്കാർ മറന്നുവെച്ച ഒന്നര ലക്ഷം രൂപയും സ്വർണ്ണവും അടങ്ങിയ ബാഗ് സുരക്ഷിതമായി ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. പാലക്കാട് – ഗുരുവായൂർ റൂട്ടിലോടുന്ന ‘ദർശൻ’ ബസിലെ കണ്ടക്ടർ വിനുവും ഡ്രൈവർ മണികണ്ഠനുമാണ് സത്യസന്ധതയുടെ ഉത്തമ ഉദാഹരണങ്ങളായി മാറിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഒറ്റപ്പാലത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ദർശൻ ബസ് പാലക്കാട് എത്തിയപ്പോഴാണ് യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം കണ്ടക്ടർ സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തുന്നത്. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽ ഒന്നര ലക്ഷം രൂപയും വിലപ്പെട്ട സ്വർണ്ണാഭരണങ്ങളും ഉണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ ഇരുവരും ചേർന്ന് ബാഗ് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
നിലമ്പൂർ സ്വദേശികളായ ഒരു കുടുംബത്തിന്റേതായിരുന്നു ഈ ബാഗ്. ചെന്നൈയിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് ഇവർ ബാഗ് ബസിൽ മറന്നുവെച്ചത്. പണം നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞ കുടുംബം ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനും ഒറ്റപ്പാലം സ്റ്റേഷനും തമ്മിൽ വിവരങ്ങൾ കൈമാറുകയും, തുടർന്ന് നിലമ്പൂർ സ്വദേശികൾ നേരിട്ടെത്തി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വെച്ച് ബസ് ജീവനക്കാരിൽ നിന്നും തങ്ങളുടെ പണവും സ്വർണ്ണവുമടങ്ങിയ ബാഗ് കൈപ്പറ്റുകയും ചെയ്തു. കനത്ത സാമ്പത്തിക പ്രതിസന്ധിയും വരുമാനക്കുറവും നേരിടുന്ന കാലത്തും സ്വകാര്യ ബസ് ജീവനക്കാർ കാണിച്ച ഈ മാതൃകാപരമായ സത്യസന്ധതയെ പോലീസും പൊതുജനങ്ങളും അഭിനന്ദിച്ചു.



