Tue, 28 July 2026
World

ബംഗാൾ ഉൾക്കടലിൽ രണ്ട് ബോട്ടുകൾ തകർന്നു: അഞ്ഞൂറിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്

Newtalks Desk

മ്യാൻമറിലെ ആഭ്യന്തര കലാപങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷപ്പെടാൻ സുരക്ഷിത താവളങ്ങൾ തേടി കടൽമാർഗ്ഗം യാത്ര തിരിച്ച 500-ലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗാൾ ഉൾക്കടലിലുണ്ടായ ഇരട്ട ബോട്ട് ദുരന്തങ്ങളിൽ മരിച്ചതായി റിപ്പോർട്ട്. ജൂൺ അവസാനവാരം മ്യാൻമറിലെ രഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും യാത്രതിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും (UNHCR) അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

​ഏകദേശം 250 പേരുമായി സഞ്ചരിച്ച ആദ്യ ബോട്ടുമായുള്ള ആശയവിനിമയം പുറപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജൂലൈ 8-ഓടെ 280-ഓളം യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് മ്യാൻമറിലെ അയ്യർവാഡി തീരത്തിന് സമീപം മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലുണ്ടായ കടുത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് ബോട്ട് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വൻ ദുരന്തത്തിനാണ് സാധ്യതയെന്ന് യു.എൻ ഏജൻസികൾ ആശങ്കപ്പെടുന്നു.

വർഷങ്ങളായി മ്യാൻമർ സൈന്യത്തിന്റെ ക്രൂരമായ അതിക്രമങ്ങളെത്തുടർന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്ലീങ്ങളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിലും മറ്റും അഭയം പ്രാപിച്ചിരിക്കുന്നത്. എന്നാൽ ക്യാമ്പുകളിലെ പട്ടിണിയും മോശം ജീവിതസാഹചര്യങ്ങളും കാരണം പലരും ജീവൻ പണയം വെച്ചും സുരക്ഷിത രാജ്യങ്ങളിലേക്ക് കടൽമാർഗ്ഗം പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ സമുദ്രപാതകളിലൊന്നായ ഈ റൂട്ടിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും റോഹിങ്ക്യൻ പ്രതിസന്ധിക്ക് അന്താരാഷ്ട്ര സമൂഹം ശാശ്വതമായ പരിഹാരം കാണണമെന്നും യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *