സെക്രട്ടേറിയറ്റ് പടിക്കൽ ‘മണ്ണു തിന്ന്’ ഉദ്യോഗാർഥികളുടെ വേറിട്ട പ്രതിഷേധം; എൽ.പി സ്കൂൾ ടീച്ചർ നിയമനം അനിശ്ചിതത്വത്തിൽ
പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാർ മണ്ണ് തിന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നിയമനം അനിശ്ചിതത്വത്തിലായതിൽ മനംനൊന്ത് ഉദ്യോഗാർഥികൾ സമരവുമായി തെരുവിലിറങ്ങിയത്. മുൻ ഇടത് സർക്കാരിന്റെ അവസാന കാലത്തും ഇതേ ആവശ്യവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തിയിരുന്നു.
2025 മെയ് 31-ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നും വളരെ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും പല ജില്ലകളിലും ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ആവശ്യമായ കുറവ് വരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ചും, വിരമിക്കൽ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്തും നിയമന നടപടികൾ വേഗത്തിലാക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.



