Tue, 28 July 2026
India

ജൂലൈ 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ വർധിക്കും; സാധാരണ അപേക്ഷയ്ക്ക് 2500 രൂപ, പുതിയ ഫീസ് ഘടന ഇങ്ങനെ

Newtalks Desk

ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് (അമൻഡ്‌മെന്റ്) റൂൾസ് 2026 പ്രകാരമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ജൂലൈ മാസം ഒന്നാം തീയതി മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും. 2012-ന് ശേഷം ഇതാദ്യമായാണ് പാസ്‌പോർട്ട് നിരക്കുകളിൽ രാജ്യം വലിയൊരു വർധനവ് വരുത്തുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് സാധാരണ സ്കീമിൽ 36 പേജുള്ള പാസ്‌പോർട്ട് ലഭിക്കുന്നതിന് ഇനി മുതൽ 2,500 രൂപ നൽകണം. നിലവിൽ ഇത് 1,500 രൂപയായിരുന്നു. 60 പേജുള്ള വലിയ പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ ഫീസ് 2,000 രൂപയിൽ നിന്നും 3,500 രൂപയായി ഉയർത്തി.

തത്കാൽ സ്കീമുകളിലും നിരക്ക് വർധനവുണ്ട്. 36 പേജ് പാസ്‌പോർട്ടിന് തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും, 60 പേജിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും ഉയരും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ (Minors) സാധാരണ പാസ്‌പോർട്ട് നിരക്ക് 1,750 രൂപയായും തത്കാൽ നിരക്ക് 4,250 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് എടുക്കുന്നതിനുള്ള നിരക്കിലും മാറ്റമുണ്ട്. 36 പേജിന് സാധാരണ നിരക്ക് 5,000 രൂപയും തത്കാലിന് 7,500 രൂപയുമാണ്. 60 പേജിന് ഇത് യഥാക്രമം 6,000 രൂപയും 8,500 രൂപയുമായിരിക്കും.

കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യു.എസ് ഡോളറുമായിരിക്കും ഇനി മുതൽ ഫീസ്. ജൂലൈ 1 മുതലോ അതിന് ശേഷമോ സമർപ്പിക്കുന്ന എല്ലാ പുതിയ അപേക്ഷകൾക്കും ഈ നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ എംബസികൾ വഴി അപേക്ഷിക്കുന്ന പ്രവാസികൾക്കും ഈ നിരക്ക് വർധനവ് ബാധകമായിരിക്കും.


Leave a Reply

Your email address will not be published. Required fields are marked *