Tue, 28 July 2026
Sports

981 ദിവസങ്ങൾ, ഒരു കോടി പ്രാർത്ഥനകൾ; ലോകകപ്പ് വേദിയിൽ ബ്രസീലിനായി നെയ്മറുടെ ചരിത്രപരമായ തിരിച്ചുവരവ്

Newtalks Desk

ബ്രസീലിയ: 981 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മർ ജൂനിയർ വീണ്ടും കളിക്കളത്തിൽ. 2026 ഫിഫ ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിലൂടെയാണ് സൂപ്പർ താരം ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ മടങ്ങിയെത്തിയത്. പരിക്കിന്റെ വേദനയിൽ നിന്ന് മുക്തനായി മൈതാനത്തിറങ്ങിയ താരത്തിന്റെ തിരിച്ചുവരവ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറെ വൈകാരികമായാണ് നോക്കിക്കണ്ടത്.

തിരിച്ചുവരവ് ഇങ്ങനെ
2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് നീണ്ട കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന താരം, കഠിനമായ വിശ്രമത്തിനും ചികിത്സയ്ക്കും ശേഷമാണ് തിരിച്ചെത്തിയത്. മത്സരത്തിന്റെ 76-ാം മിനിറ്റിൽ പകരക്കാരനായാണ് നെയ്മർ മൈതാനത്തെത്തിയത്. താരത്തിന്റെ വരവ് ബ്രസീൽ ആരാധകർ വലിയ ആവേശത്തോടെയാണ് സ്റ്റേഡിയത്തിൽ വരവേറ്റത്. മത്സരം ബ്രസീൽ 3-0ത്തിന് വിജയിക്കുകയും ചെയ്തു.

ഹാമിൽട്ടന്റെ വാക്കുകൾ, നെയ്മറിന്റെ ആത്മവിശ്വാസം
മത്സരശേഷം ഇൻസ്റ്റാഗ്രാമിൽ നെയ്മർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “REMEMBER WHO YOU ARE” (നിങ്ങൾ ആരാണെന്ന് ഓർക്കുക).എന്ന വാചകമാണ് താരം തന്റെ പോസ്റ്റിൽ കുറിച്ചത്. ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടന്റെ വാക്കുകളിൽ നിന്നാണ് നെയ്മർ ഈ പ്രചോദനം ഉൾക്കൊണ്ടത്. അടുത്തിടെ ബാഴ്സലോണയിൽ നടന്ന റേസിംഗിൽ ഫെരാരി ടീമിനായി തകർപ്പൻ വിജയം നേടിയ ശേഷം ഹാമിൽട്ടൺ കുറിച്ചതും ഇതേ വാചകമായിരുന്നു. നെയ്മറുടെ പോസ്റ്റിന് താഴെ ഹാമിൽട്ടൺ “ALWAYS” എന്ന് കമന്റ് ചെയ്തതും ശ്രദ്ധേയമായി.

ചരിത്ര നേട്ടത്തിനൊപ്പം
ഈ ലോകകപ്പ് മത്സരത്തിൽ കളത്തിലിറങ്ങിയതോടെ നാല് ഫിഫ ലോകകപ്പുകളിൽ (2014, 2018, 2022, 2026) ബ്രസീലിനായി ബൂട്ട് കെട്ടുന്ന അപൂർവ്വം താരങ്ങളുടെ പട്ടികയിലേക്ക് നെയ്മർ എത്തി. പെലെ, കഫു, ഡിജൽമ സാന്റോസ് എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പമാണ് നെയ്മർ ഇപ്പോൾ ഈ നേട്ടം പങ്കിടുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നെയ്മർ വരും മത്സരങ്ങളിൽ ബ്രസീലിനായി കൂടുതൽ മായാജാലങ്ങൾ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Leave a Reply

Your email address will not be published. Required fields are marked *