ആശുപത്രി ഭക്ഷണവിതരണത്തിൽ കൊടിയും ബാനറും പാടില്ലെന്ന് മന്ത്രി; പൊതിച്ചോറ് വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ
ആലപ്പുഴ/തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണം കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കാൻ ‘കമ്മ്യൂണിറ്റി കിച്ചനുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതോടെ നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും തങ്ങളുടെ ബാനറുകളും ചിഹ്നങ്ങളും പ്രദർശിപ്പിച്ച് നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും.
സർക്കാർ ആശുപത്രികൾ രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ കൊടികൾ സ്ഥാപിക്കേണ്ട ഇടങ്ങളല്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിൽ വലിയ ബാനറുകൾ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ല. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും കമ്മ്യൂണിറ്റി കിച്ചണിലേക്ക് നേരിട്ട് ഭക്ഷണം എത്തിച്ചു നൽകാം. എന്നാൽ വിതരണ സ്ഥലത്ത് യാതൊരുവിധ രാഷ്ട്രീയ-സംഘടനാ ചിഹ്നങ്ങളോ ബാനറുകളോ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ ഡിവൈഎഫ്ഐ; ‘പൊതിച്ചോറ് വിതരണം തുടരും’
ആശുപത്രികളിലെ കൊടിക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ പ്രശസ്തമായ ‘പൊതിച്ചോറ്’ വിതരണ പദ്ധതി ഒരുകാരണവശാലും നിർത്തലാക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് വ്യക്തമാക്കി.
“എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. എന്നാൽ ജനകീയ പ്രവർത്തനങ്ങൾ തുടരുക എന്നതാണ് ഞങ്ങളുടെ ശൈലി. മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾ ഈ പദ്ധതിയുമായി മുന്നോട്ടുപോയത്. സർക്കാർ സംവിധാനം വരുന്നതിനെ സ്വാഗതം ചെയ്യുന്നു, ഭക്ഷണം മുടങ്ങാതിരുന്നാൽ മതി. എന്നാൽ കൊടിയും ബാനറും വെക്കുന്നതിൽ എന്താണ് പ്രശ്നം? ഞങ്ങൾ കൊടിയുടെ നിറം നോക്കിയല്ല പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നത്,” വി. വസീഫ് പ്രതികരിച്ചു.
സർക്കാരിന്റേത് ദുഷ്ടബുദ്ധിയോടെയുള്ള നികൃഷ്ടമായ നീക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് കുറ്റപ്പെടുത്തി. ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ ആലപ്പുഴയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി, വിജയകരമാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാൽ രാഷ്ട്രീയ സംഘടനകളുടെ നേരിട്ടുള്ള ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നത് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും.



