വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ലോകകപ്പ് തർക്കം അക്രമത്തിൽ കലാശിച്ചു; അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലടിച്ചു
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ആരാധകർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കനത്ത അക്രമം. അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അക്രമത്തിൽ പരിക്കേറ്റ കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ജൂലൈ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിക്കാട്ടൂർ മേഖലയിലെ യുവാക്കൾക്കായി ‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ ആരംഭിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ഇരുവിഭാഗം ആരാധകരും തമ്മിൽ വാക് തർക്കമുണ്ടായിരുന്നു. ഈ സൈബർ തർക്കം പിന്നീട് നേരിട്ടുള്ള അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
രാത്രിയോടെ അർജന്റീന ആരാധകരായ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറുകയും ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അക്രമികൾ വീടിന്റെ ജനൽച്ചില്ലുകളും ഫർണിച്ചറുകളും തല്ലിത്തകർത്തു. കൂടാതെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അടിച്ച് തകർത്ത നിലയിലാണ്. മർദ്ദനമേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



