‘വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് കാണിച്ചത് വഞ്ചനയാണ്…’: ലീഗിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണെന്ന് എൽ.ഡി.എഫ് നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽ പെട്ടവരെ ഉൾപ്പെടുത്താനുള്ള കേന്ദ്ര നിലപാടിനെ മുൻപ് ചോദ്യം ചെയ്തവർ, ഇപ്പോൾ യു.ഡി.എഫ് സർക്കാരിന്റെ കൂടെനിന്ന് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ അനുമതി നൽകുകയും അതേസമയം തന്നെ ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര വഖഫ് നിയമ ഭേദഗതിയും അനുബന്ധ തർക്കങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം തികച്ചും തെറ്റാണെന്നും, സതീശൻ നിലവിട്ട് പെരുമാറി സംഘപരിവാറിന്റെ നാവായി മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുക എന്നത് ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ അജണ്ടയും നയവുമാണ്. ഈ കേന്ദ്ര ഭേദഗതി ആദ്യം അംഗീകരിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ യു.ഡി.എഫ് സർക്കാർ മാറ്റിയിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ വ്യക്തമായ സംഘപരിവാർ സേവയാണ് നടത്തുന്നത്. ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബി.ജെ.പിയുടെ നിലപാട് അതേപടി സ്വീകരിക്കാൻ പാടുണ്ടോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യമുന്നയിച്ചു.
ഒരു ഘട്ടത്തിലും കേന്ദ്ര വഖഫ് നിയമത്തോടോ ഭേദഗതികളോടോ യോജിച്ച നിലപാടല്ല എൽ.ഡി.എഫ് മുന്നണി സ്വീകരിച്ചിട്ടുള്ളത്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധമാണ് എൽ.ഡി.എഫ് ഉയർത്തിയത്. യു.ഡി.എഫ് ആരോപിക്കുന്നത് പോലെ എൽ.ഡി.എഫ് അതിനെ അനുകൂലിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ വഖഫ് ബോർഡിലേക്ക് രണ്ട് അമുസ്ലിങ്ങളെ നിയമിക്കാമായിരുന്നു. എന്നാൽ, വഖഫ് വിഷയത്തിൽ യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയും നിരന്തരം നിലപാടുകൾ മാറ്റി മലക്കം മറിയുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.



