Tue, 28 July 2026
Kerala

സിഎംആർഎൽ കേസിൽ പിണറായിക്കും മകൾക്കും തിരിച്ചടി: ‘കരാർ നൽകിയത് പിണറായിയുമായുള്ള ബന്ധം കാരണം’; ശശിധരൻ കർത്തയുടെ ഇഡി മൊഴി പുറത്ത്

Newtalks Desk

കൊച്ചി:സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി.ക്കും തിരിച്ചടിയായി സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ നിർണായക മൊഴി പുറത്തുവന്നു. മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം കാരണമാണ് എക്സാലോജിക് കമ്പനിക്ക് കരാർ നൽകിയതെന്നും, വീണയോ അവരുടെ കമ്പനിയോ സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയത്. 2024 ഏപ്രിലിൽ കർത്തയുടെ വസതിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കേസിൽ ഏറെ നിർണായകമായ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.

​കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ സ്വത്ത് മരവിപ്പിക്കൽ നടപടികളുടെ വിവരങ്ങൾ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തിയത്. നടപടിയുടെ ഭാഗമായി വീണ ടി.യുടെ ലോക്കറും സ്വന്തം പേരിലും കമ്പനികളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും മരവിപ്പിച്ചു. കൂടാതെ വീണയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ‘ലേക്കർ ഇന്ത്യ’യുടെ 15.5 ലക്ഷം രൂപയുടെ നിക്ഷേപവും ഇഡി തടഞ്ഞുവെച്ചിട്ടുണ്ട്.

നിലവിൽ വീണയുടെ ബാങ്ക് അക്കൗണ്ടിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ശശിധരൻ കർത്തയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.


Leave a Reply

Your email address will not be published. Required fields are marked *