മാരുതി സുസുക്കി വാഹന വില വീണ്ടും വർധിപ്പിക്കുന്നു,30,000 രൂപ വരെ വിലയിൽ വർദ്ധനവ് ഉണ്ടായേക്കാം
ന്യൂഡൽഹി: രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി വാഹന വില വീണ്ടും വർധിപ്പിക്കുന്നു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി കാറുകളുടെ വില ഉയർത്തുന്നത്. വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവും പണപ്പെരുപ്പ സമ്മർദ്ദവും ചൂണ്ടിക്കാട്ടിയാണ് അടുത്ത മാസം അതായത് ഓഗസ്റ്റ് മുതൽ പുതിയ വിലവർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകളുടെ വിഭാഗത്തിനനുസരിച്ച് 30,000 രൂപ വരെയാണ് വിലയിൽ വർദ്ധനവ് ഉണ്ടാകുക.
ഓഹരി വിപണിക്ക് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് മാരുതി സുസുക്കി ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉൽപ്പാദനച്ചെലവിലുണ്ടായ തുടർച്ചയായ വർദ്ധനവുമാണ് തീരുമാനത്തിന് പിന്നിൽ. ചെലവ് ചുരുക്കൽ നടപടികളിലൂടെ ഈ പ്രതിസന്ധി പരമാവധി പിടിച്ചുനിർത്താൻ കഴിഞ്ഞ മാസങ്ങളിൽ ശ്രമിച്ചെങ്കിലും, നിലവിലെ ഉയർന്ന പണപ്പെരുപ്പവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കാരണം വിലക്കയറ്റത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങളും ആഗോള വ്യാപാര പാതകളിലുണ്ടായ തടസ്സങ്ങളും ഇന്ധന വിലയിലുള്ള അസ്ഥിരതയുമെല്ലാം നിർമ്മാണ സാമഗ്രികളുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മാസത്തിലും മാരുതി സമാനമായ രീതിയിൽ വാഹന വില വർദ്ധിപ്പിച്ചിരുന്നു. അന്ന് വിവിധ മോഡലുകൾക്ക് 30,000 രൂപ വരെയാണ് കൂട്ടിയത്. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ തുടർച്ചയായ ഈ വിലവർദ്ധനവ് ചില പ്രത്യേക മോഡലുകൾക്കും വകഭേദങ്ങൾക്കും മൊത്തത്തിൽ ഏകദേശം 60,000 രൂപയുടെ വരെ വർദ്ധനവിന് കാരണമായേക്കാമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ഈ വിലക്കയറ്റം വാഹന വിപണിയെ പ്രത്യേകിച്ച് എൻട്രി ലെവൽ, ചെറിയ കാർ വിഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. വിലക്കയറ്റത്തോടും കാറുകളുടെ ബജറ്റിനോടും ഏറെ സംവേദനക്ഷമതയുള്ള ഇടത്തരം ഉപഭോക്താക്കളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാം. കമ്പനിയുടെ ലാഭക്ഷമതയും വിപണിയിലെ തങ്ങളുടെ വിഹിതവും നിലനിർത്തുന്നതിനിടയിലുള്ള ഈ വിലവർദ്ധനവ് വാഹന ഉപയോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓരോ മോഡലിനുമുള്ള കൃത്യമായ വില വർദ്ധനവ് സംബന്ധിച്ച വിശദാംശങ്ങൾ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ കമ്പനി ഔദ്യോഗികമായി പുറത്തുവിടും.



