കടലാസ് നോട്ടുകൾക്ക് വിട; പോളിമർ നോട്ടുകളിലേക്ക് മാറാൻ ആർ.ബി.ഐ
ന്യൂഡൽഹി: രാജ്യത്തെ കറൻസി വിതരണ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് കേന്ദ്ര റിസർവ് ബാങ്ക് (ആർ.ബി.ഐ). പരമ്പരാഗതമായി ഉപയോഗിക്കുന്ന പരുത്തി അധിഷ്ഠിത കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് അഥവാ ‘പോളിമർ’ ബാങ്ക് നോട്ടുകൾ വിപണിയിലിറക്കുന്നതിനെക്കുറിച്ച് ആർ.ബി.ഐ ഗൗരവമായി ആലോചിച്ചു വരികയാണ്. നിർമ്മാണച്ചെലവിലുണ്ടാകുന്ന വൻ വർദ്ധനവും വ്യാജനോട്ടുകളുടെ ഭീഷണിയും മറികടക്കാൻ പോളിമർ നോട്ടുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ആർ.ബി.ഐയുടെ കറൻസി പ്രിന്റിംഗ് വിഭാഗം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പോളിമർ ഷീറ്റുകൾ നിർമ്മിക്കുന്നതിനായി അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളിൽ നിന്ന് താത്പര്യപത്രം (EoI) ക്ഷണിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഭൗതിക കറൻസിക്കുള്ള ആവശ്യകത കുറഞ്ഞിട്ടില്ലെന്നാണ് ആർ.ബി.ഐ കണക്കുകൾ വ്യക്തമാക്കുന്നത്. കടലാസ് നോട്ടുകൾ പെട്ടെന്ന് കേടാകുന്നതിനാൽ വർഷം തോറും ശതകോടിക്കണക്കിന് നോട്ടുകളാണ് ആർ.ബി.ഐ നശിപ്പിക്കുകയും പകരം പുതിയവ അച്ചടിക്കുകയും ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം നോട്ടുകളുടെ അച്ചടിക്കായി 6,372 കോടി രൂപയിലധികം രൂപയാണ് സർക്കാരിന് ചെലവായത്. എന്നാൽ കടലാസ് നോട്ടുകളെ അപേക്ഷിച്ച് രണ്ടും മൂന്നും ഇരട്ടി കൂടുതൽ ആയുസ്സ് പോളിമർ നോട്ടുകൾക്കുണ്ട്. ഈർപ്പം, അഴുക്ക്, കീറലുകൾ എന്നിവയെ പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കുന്നതിനാൽ നോട്ടുകൾ ഇടയ്ക്കിടെ മാറ്റി അച്ചടിക്കേണ്ടിവരുന്ന ഭീമമായ ചെലവ് സർക്കാരിന് ലാഭിക്കാൻ സാധിക്കും.
കൂടാതെ, കള്ളനോട്ടുകളുടെ ഭീഷണി തടയാൻ പോളിമർ സാങ്കേതികവിദ്യ ഏറെ സഹായകരമാണ്. പ്രത്യേകിച്ചും വിപണിയിൽ വൻതോതിൽ വ്യാജൻമാർ ഇറങ്ങുന്ന 500 രൂപ നോട്ടുകൾക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും. പോളിമർ നോട്ടുകളിൽ സുതാര്യമായ ജനലുകൾ (transparent windows), മൈക്രോ-ഓപ്റ്റിക് ഹോളോഗ്രാമുകൾ തുടങ്ങിയ സങ്കീർണ്ണമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുമെന്നതിനാൽ ഇവ വ്യാജമായി നിർമ്മിക്കുക അത്യന്തം പ്രയാസകരമാണ്.
തുടക്കത്തിൽ 10, 20 രൂപ തുടങ്ങിയ ചെറിയ മൂല്യമുള്ള നോട്ടുകളിലാവും പരീക്ഷണം നടത്തുക. 1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ നോട്ടുകൾ അവതരിപ്പിച്ചത്. തുടർന്ന് യുകെ, കാനഡ, സിംഗപ്പൂർ തുടങ്ങി അറുപതിലധികം രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ വിജയകരമായി സ്വീകരിച്ചു. ഇന്ത്യയിലും വർഷങ്ങൾക്ക് മുൻപ് ഇതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാൽ അത് നീണ്ടുപോവുകയായിരുന്നു. എന്നാൽ നിലവിൽ ആധുനിക എ.ടി.എം മെഷീനുകളും നോട്ട് എണ്ണുന്ന യന്ത്രങ്ങളും ഇത്തരം കറൻസികൾ കൈകാര്യം ചെയ്യാൻ പ്രാപ്തമായതോടെയാണ് പദ്ധതിക്ക് ആർ.ബി.ഐ വീണ്ടും വേഗത കൂട്ടുന്നത്.



