‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, എ പ്ലസ് ജേതാക്കളെ വേദിയിൽ പരസ്യമായി അപമാനിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ
മുൻ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്ത വിജയോത്സവം പരിപാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ പരസ്യ ശാസനയുണ്ടായ സംഭവം വിവാദത്തിലേക്ക്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം (എ പ്ലസ്) നേടിയ കുട്ടികളെ ആദരിക്കുന്നതിനായി മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. വേദിയിലേക്ക് വിളിച്ചുവരുത്തിയ വിദ്യാർത്ഥികളെക്കൊണ്ട് എഴുതിക്കുകയും, അക്ഷരത്തെറ്റുകൾ വരുത്തിയതിന്റെ പേരിൽ എല്ലാവരുടെയും മുന്നിൽ വെച്ച് മുൻ മന്ത്രി പരസ്യമായി ശാസിക്കുകയുമായിരുന്നു ചെയ്തത്.
സദസ്സിലിരുന്ന വിദ്യാർത്ഥിയോട് “എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?” എന്ന് കെ.ടി. ജലീൽ പരസ്യമായി ചോദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെയാണ് അദ്ദേഹം വേദിയിലേക്ക് വിളിച്ചത്. തുടർന്ന് മാതാപിതാക്കളുടെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് എഴുതിയപ്പോൾ സംഭവിച്ച ചില അക്ഷരത്തെറ്റുകളുടെ പേരിലായിരുന്നു പരസ്യമായ തിരുത്തലുകളും ശാസനയും ഉണ്ടായത്. കൂടാതെ വേദിയിൽ വെച്ച് കുട്ടികളുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.
എഴുത്തുപരീക്ഷയ്ക്ക് പുറമെ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും അദ്ദേഹം കുട്ടികളോട് ചോദിച്ചു. ‘സംസം’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം കുട്ടികൾക്ക് നേരെ ഉയർത്തിയത്. വായനാശീലം വളർത്തിയെടുക്കണമെന്നും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അറിവ് വർദ്ധിപ്പിക്കാൻ വേണ്ടിയാകണമെന്നും കെ.ടി. ജലീൽ വിദ്യാർത്ഥികളെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ എ പ്ലസ് വാങ്ങി നാടിന്റെ ആദരവ് ഏറ്റുവാങ്ങാനെത്തിയ കുട്ടികളെ സദസ്സിനെ സാക്ഷിനിർത്തി അപമാനിക്കുന്ന രീതിയിലാണ് മുൻ മന്ത്രി പെരുമാറിയതെന്ന ആക്ഷേപം ഇപ്പോൾ ശക്തമായിട്ടുണ്ട്.



