Tue, 28 July 2026
India

പുതിയ വോട്ടർ രജിസ്ട്രേഷൻ: അപേക്ഷകർ മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നൽകുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കി

Newtalks Desk

ന്യൂഡൽഹി: രാജ്യത്ത് പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് മാതാപിതാക്കളുടെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) വിവരങ്ങൾ നൽകുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കി. പുതിയ വോട്ടർമാർ തങ്ങളുടെ പേര് ചേർക്കുന്നതിനായി ‘ഫോം 6’ പൂരിപ്പിച്ചു നൽകുമ്പോൾ ഒപ്പം മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് കമ്മീഷന്റെ പുതിയ നിർദേശം. നിലവിലുള്ള വോട്ടർപട്ടികയിൽ പേരുള്ളവർക്ക് പുറമെയാണ് ഇപ്പോൾ പുതിയ അപേക്ഷകർക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.

​വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യുന്നതിനും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുന്നതിനും പുതിയ പരിഷ്കാരം സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താക്കൾ വ്യക്തമാക്കി. ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ ഈ വിവരങ്ങൾ അടങ്ങിയ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാതെ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. വോട്ടർമാരുടെ ഫോം 6-ൽ ഭേദഗതി വരുത്താതെ തന്നെ, പ്രത്യേക നിർദേശങ്ങളിലൂടെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിലാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.

അതേസമയം, വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ പ്രക്രിയ സുതാര്യവും ഭരണഘടനാപരവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ പ്രക്രിയയിലൂടെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാനും, മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും വ്യാജ വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്യാനും സാധിക്കുമെന്നാണ് കമ്മീഷന്റെ വാദം. വോട്ടർപട്ടിക പുതുക്കലിൽ സുതാര്യതയില്ലെന്ന യു.എൻ പ്രതിനിധികളുടെയും പ്രതിപക്ഷ സംഘടനകളുടെയും വിമർശനങ്ങൾ കമ്മീഷൻ പൂർണ്ണമായി തള്ളി. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആരെയും ഏകപക്ഷീയമായി ഒഴിവാക്കുന്നില്ലെന്നും കമ്മീഷൻ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *