മാലിന്യത്തിൽ നിന്ന് പണമുണ്ടാക്കി ക്ലീൻ കേരള; അഞ്ച് വർഷത്തിനിടെ വരുമാനത്തിൽ ഒൻപതിരട്ടി വർധനവ്, ഹരിത കർമ്മ സേനക്കും നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ അജൈവ മാലിന്യസംസ്കരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (CKCL). കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണത്തിൽ 236 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 21,839 ടൺ ആയിരുന്ന മാലിന്യ ശേഖരണം, 2025-26 ആയപ്പോഴേക്കും 73,403 ടണ്ണായി ഉയർന്നു. മാലിന്യ ശേഖരണത്തിലുണ്ടായ ഈ പുരോഗതി ക്ലീൻ കേരള കമ്പനിയുടെ വാർഷിക വരുമാനത്തിൽ അഞ്ചിരട്ടിയിലധികം (ഏകദേശം ഒൻപതിരട്ടി) വർധനവ് ഉണ്ടാക്കാൻ സഹായിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള നേരിട്ടുള്ള മാലിന്യ ശേഖരണവും ഉറവിടത്തിലുള്ള തരംതിരിക്കലും ശക്തമാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ വ്യക്തമാക്കി. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാനും, തദ്വാര അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുമായിരുന്ന മൂന്ന് ലക്ഷം ടണ്ണോളം കാർബൺ ഡൈ ഓക്സൈഡ് മലിനീകരണം തടയാനും സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ കാലയളവിനുള്ളിൽ മാലിന്യ ശേഖരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് 38.88 കോടി രൂപ വേതനമായി വിതരണം ചെയ്യാനും കമ്പനിക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് തരംതിരിച്ച മാലിന്യങ്ങളുടെ അളവ് 2021-ലെ 25.6 ശതമാനത്തിൽ നിന്നും 2026-ൽ 51.6 ശതമാനമായി ഇരട്ടിച്ചു. പുനരുപയോഗിക്കാവുന്ന (Recyclable) മാലിന്യങ്ങളുടെ സംസ്കരണത്തിലും 577 ശതമാനത്തിന്റെ വൻ വർധനവാണ് ഉണ്ടായത്. എന്നാൽ, കേരളത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പുനരുപയോഗ യോഗ്യമാക്കുന്നതിനുള്ള റീസൈക്ലിംഗ് യൂണിറ്റുകളുടെ കുറവ് ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുന്നു. നിലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള ഭൂരിഭാഗം വസ്തുക്കളും ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രോസസിംഗ് യൂണിറ്റുകളിലേക്കാണ് അയക്കുന്നത്. കേരളത്തിൽ തന്നെ കൂടുതൽ റീസൈക്ലിംഗ് പ്ലാന്റുകൾ സ്ഥാപിച്ച് ഒരു പൂർണ്ണ സർക്കുലർ ഇക്കോണമി (Circular Economy) കെട്ടിപ്പടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



