Tue, 28 July 2026
Sports

ഫുട്ബോൾ ഇതിഹാസം അന്തോണിയോ റാറ്റിന് ആദരവ്; സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് അർജന്റീന

Newtalks Desk

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ നിർണായക പോരാട്ടത്തിനിറങ്ങിയ അർജന്റീന താരങ്ങൾ കൈകളിൽ കറുത്ത ബാഡ്ജ് (Black Armband) ധരിച്ചാണ് കളത്തിലിറങ്ങിയത്. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇതിഹാസ താരങ്ങളിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അന്തോണിയോ റാറ്റിന്റെ നിര്യാണത്തിൽ അനുശോചിച്ചായിരുന്നു ടീമിന്റെ ഈ നീക്കം. 89-ാമത്തെ വയസ്സിൽ പക്ഷാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ അനുശോചന സൂചകമായി കറുത്ത ബാഡ്ജ് ധരിക്കുന്നതിന് ഫിഫയുടെ മുൻകൂർ അനുമതി ആവശ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ച് ഫിഫ ഇതിനുള്ള അനുമതി നൽകുകയായിരുന്നു.

​തന്റെ 14 വർഷത്തെ നീണ്ട ഫുട്ബോൾ കരിയറിൽ അർജന്റീന ദേശീയ ടീമിനായും പ്രശസ്ത ക്ലബ്ബായ ബോക്ക ജൂനിയേഴ്സിനായും മാത്രമാണ് റാറ്റിൻ ബൂട്ട് കെട്ടിയിട്ടുള്ളത്. മികച്ചൊരു ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന അദ്ദേഹം 1962, 1966 ലോകകപ്പുകളിൽ അർജന്റീനയെ പ്രതിനിധീകരിക്കുകയും ടീമിനെ നയിക്കുകയും ചെയ്തു.

ഫുട്ബോൾ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒരു വലിയ സംഭവത്തിലെ പ്രധാന കഥാപാത്രമെന്ന നിലയിലാണ് റാറ്റിൻ ആഗോളതലത്തിൽ കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജർമ്മൻ റഫറി റുഡോൾഫ് ക്രെറ്റ്‌ലിൻ റാറ്റിനെ ചുവപ്പ് കാർഡ് കാട്ടാതെ തർക്കത്തിന്റെ പേരിൽ മൈതാനത്തുനിന്ന് പുറത്താക്കി. അക്കാലത്ത് ചുവപ്പ്, മഞ്ഞ കാർഡുകൾ നിലവിലില്ലാതിരുന്നതിനാൽ റഫറിയുടെ ഭാഷ മനസ്സിലാകാത്ത റാറ്റിൻ കളം വിടാൻ വിസമ്മതിക്കുകയും വലിയ തർക്കങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു. പ്രതിഷേധസൂചകമായി എലിസബത്ത് രാജ്ഞിക്കായി ഒരുക്കിയ ചുവന്ന പരവതാനിയിൽ അദ്ദേഹം കുറച്ചുസമയം ഇരിക്കുകയും ഇംഗ്ലണ്ടിന്റെ കോർണർ ഫ്ലാഗ് ചുരുട്ടിക്കൂട്ടുകയും ചെയ്തു. ഭാഷാപരമായ തടസ്സങ്ങൾ മൂലം റഫറിമാരും കളിക്കാരും തമ്മിലുണ്ടാകുന്ന ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് പിന്നീട് 1970-ലെ ലോകകപ്പ് മുതൽ ഫുട്ബോളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ ഫിഫ ഔദ്യോഗികമായി കൊണ്ടുവന്നത് . വിരമിച്ച ശേഷം രാഷ്ട്രീയത്തിലും സജീവമായിരുന്ന ഈ ഇതിഹാസത്തോടുള്ള ആദരസൂചകമായാണ് മെസ്സിയും സംഘവും കറുത്ത ബാഡ്ജ് അണിഞ്ഞ് മത്സരത്തിനിറങ്ങിയത്. 


Leave a Reply

Your email address will not be published. Required fields are marked *