തിരക്കേറിയ സമയങ്ങളിൽ കൊച്ചി മെട്രോയ്ക്ക് അധിക സർവീസ്; പുതിയ സമയം നാളെ മുതൽ
കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകൾ ആരംഭിക്കാൻ കൊച്ചി മെട്രോ തീരുമാനിച്ചു. നാളെ (ബുധൻ) മുതൽ ഈ പുതിയ സമയം പ്രാബല്യത്തിൽ വരും.
കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് കൊച്ചി മെട്രോ ലിമിറ്റഡിന്റെ (KMRL) ഈ തീരുമാനം. പ്രവൃത്തിദിനങ്ങളിൽ (തിങ്കൾ മുതൽ ശനി വരെ) യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ തിരക്കുള്ള സമയങ്ങളിൽ (Peak Hours) കൂടുതൽ ട്രെയിൻ സർവീസുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 വരെയും വൈകീട്ട് 4.00 മുതല്‍ 7.00 വരെയും ട്രെയിനുകള്‍ 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളയില്‍ (Headway) സര്‍വീസ് നടത്തും. ഇതിനായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാര്‍ക്ക് ട്രെയിനിനായി കാത്തുനില്‍ക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതല്‍ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കി.
അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.



