വിൽപ്പനയ്ക്കുള്ള വസ്ത്രങ്ങൾ എന്ന വ്യാജേന ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപ വിലവരുന്ന എംഡിഎംഎ; നാല് പേര്‍ അറസ്റ്റില്‍
ബെംഗളൂരുവിൽ കർണാടക പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) നടത്തിയ വിപുലമായ പരിശോധനയിൽ 26 കോടിയോളം രൂപ വിലമതിക്കുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നടത്തിയ തെരച്ചിലിൽ എം.ഡി.എം.എ, ഹെറോയിൻ, ഓപ്പിയം എന്നിവയാണ് സി.സി.ബി സംഘം പിടിച്ചെടുത്തത്. ബെംഗളൂരു നഗരത്തിലെ ടെക്കികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഈ മയക്കുമരുന്നുകൾ എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു മാസത്തിനിടെ കർണാടക പൊലീസ് നടത്തുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
ഡൽഹിയിൽ നിന്ന് വിൽപ്പനയ്ക്കുള്ള വസ്ത്രങ്ങൾ എന്ന വ്യാജേന ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച 12.925 കിലോഗ്രാം എം.ഡി.എം.എയാണ് ആദ്യ കേസിൽ പിടികൂടിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഈ ലഹരിവസ്തുക്കൾ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെയാണ് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്ന വലിയ എം.ഡി.എം.എ ശേഖരം സി.സി.ബി സംഘം കണ്ടെത്തിയത്.
മറ്റൊരു പരിശോധനയിൽ രാജസ്ഥാനിൽ നിന്നെത്തിച്ച 7 കിലോ ഓപ്പിയവും 225 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുക്കുകയും ഈ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കോറമംഗലയിൽ നടത്തിയ തെരച്ചിലിൽ അസം സ്വദേശിയായ സാഹിദ് ഹുസൈൻ എന്ന ലഹരി കാരിയറെ പിടിയിലാക്കി. ഇയാളിൽ നിന്ന് 34 ലക്ഷം രൂപ വിലമതിക്കുന്ന 157 ഗ്രാം ഹെറോയിനും കണ്ടെടുത്തു. ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സി.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.



